തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനായുളള സ്പെഷ്യൽ സപ്ലിമെന്ററി അലോട്ട്മെന്റ്, ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് എന്നിവയ്ക്കായി 29വരെ ഓപ്ഷൻ നൽകാം. നേരത്തേ നൽകിയിട്ടുള്ള ഓപ്ഷനുകൾ ഈ അലോട്ട്മെന്റുകൾക്ക് പരിഗണിക്കില്ല. നിലവിൽ ഏതെങ്കിലുംകോളേജിൽ അഡ്മിഷൻ നേടിയവർക്കും ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടയ്ക്കാതെയോ നിശ്ചിത സമയത്തിനുള്ളിൽ കോളേജിൽ അഡ്മിഷൻ എടുക്കാതെയോ അലോട്ട്മെന്റ് നഷ്ടമായവർക്കും കോളേജിൽ ചേർന്നശേഷം ടി.സി വാങ്ങിയതിനാൽ അഡ്മിഷൻ നഷ്ടപ്പെട്ടവർക്കും കോളേജിൽ നിന്നും ഡിഫക്ട് മെമ്മോ ലഭിച്ചതിനാൽ അഡ്മിഷൻ ലഭിക്കാതിരുന്നവർക്കും പുതിയ ഓപ്ഷൻ നൽകി അലോട്ട്മെന്റിൽ പങ്കെടുക്കാം. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തശേഷം 'എഡിറ്റ് പ്രൊഫൈൽ' ടാബ് ഉപയോഗിച്ചാണ് ഓപ്ഷനുകൾ നൽകേണ്ടത്. കോളേജുകളിലെ ഓരോ കോഴ്സുകളുടെയും ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in.
പ്ലസ് വൺ പ്രവേശനം: അപേക്ഷ ഇന്ന് വരെ
തിരുവനന്തപുരം: പ്ലസ് വൺ സീറ്റിലേക്ക് ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർക്ക് കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats ലിങ്കിലൂടെ ഇന്ന് വൈകിട്ട് നാല് വരെ അപേക്ഷ നൽകാം.
പ്രവേശനം നേടിയവർക്കും പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാത്തവർക്കും അപേക്ഷിക്കാൻ കഴിയില്ല. കൂടുതൽ വിവരങ്ങൾക്ക്: www.hscap.kerala.gov.in
എം.എഡ് : പട്ടിക വർഗ സീറ്റൊഴിവ്
തിരുവനന്തപുരം: ഗവ.കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിൽ രണ്ടു വർഷ എം.എഡ് കോഴ്സിലേക്ക് പട്ടിക വർഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. 27ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരായി അപേക്ഷ നൽകണം. ഫോൺ 0471 2323964
ഓവർസീസ് സ്കോളർഷിപ്പ്: 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് നൽകുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2727378.