തിരുവനന്തപുരം: കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സർവീസ് സംഘടനകളുടെയും പണിമുടക്കാഹ്വാനത്തെത്തുടർന്ന് ഇന്നലെ സർക്കാർ ഓഫീസുകൾ സ്തംഭിച്ചപ്പോൾ, സമാനമായി കഴിഞ്ഞ ജനുവരി എട്ടിന് പണിമുടക്കിയവർ ശമ്പളം വാങ്ങിയ വിവരം പുറത്തുവന്നു.
കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ . വിവിധ സർവീസ്, അദ്ധ്യാപക സംഘടനകളിലെ ബഹുഭൂരിഭാഗം സർക്കാർ ജീവനക്കാരും പങ്കെടുത്തിരുന്നു. അവർ ഒപ്പിട്ടില്ലെങ്കിലും ഹാജർ രജിസ്റ്ററിൽ ലീവ് മാർക്ക് ചെയ്തിട്ടില്ല. സാധാരണ, പണിമുടക്കിന് സർക്കാർ ഡയസ് നോൺ പ്രഖ്യാപിക്കുമെങ്കിലും, ജനുവരി എട്ടിലെയും, ഇന്നലത്തെയും പണിമുടക്കിന് ഡയസ്നോൺ പ്രഖ്യാപിച്ചില്ല. ഇതോടെ ,ജോലിക്ക് വരാതിരുന്നവർക്കും യാത്രാദുരിതങ്ങളും സമരക്കാരുടെ ഭീഷണിയും വകവയ്ക്കാതെ ജോലി ചെയ്തവരോടൊപ്പം ശമ്പളം കിട്ടി. ജനുവരി എട്ടിന് ജോലി ചെയ്യാത്തവർക്ക് അന്ന് ലീവായി പരിഗണിച്ച് ശമ്പളം നൽകാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും ആരുടെയും ശമ്പളം കുറച്ചില്ല. . ഈ കേസിൽ ആറ് മാസത്തിലധികമായി ഹൈക്കോടതി വിധി പറയാൻ വച്ചിരിക്കുകയാണ്.