കണ്ണൂർ: മലയാള ചെറുകഥയുടെ രാജശില്പി ടി. പത്മനാഭന് നാളെ 91-ാം പിറന്നാൾ. ആഘോഷത്തെക്കുറിച്ച് ചോദിച്ചാൽ പത്മനാഭൻ എന്ന പപ്പേട്ടന് ഒന്നേ പറയാനുള്ളൂ- 'എടോ ഇതും ഒരു സാധാരണ ദിവസം. പിന്നെ ഞാൻ ജീവിച്ചിരിക്കുന്നുണ്ടെന്നതിന്റെ തെളിവായി വേണമെങ്കിൽ പിറന്നാളിനെ കാണാം".
ആഘോഷങ്ങളൊന്നുമില്ല. എല്ലാം സാധാരണ പോലെ. പയ്യന്നൂരിലെ പോത്താംകണ്ടം ആനന്ദഭവനിൽ സ്വാമി കൃഷ്ണാനന്ദ ഭാരതിക്കൊപ്പം ചെറിയ കൂട്ടായ്മ. എല്ലാ വർഷവും പിറന്നാൾ സ്വാമിയുടെ ആനന്ദഭവനിലാണ്. ഇത്തവണയും ആ പതിവ് തെറ്റില്ല. അവിടെ ഉസ്താദ് റഫീഖ് ഖാന്റെ സിത്താർ വാദനവും സദനം കൃഷ്ണൻകുട്ടിയും സംഘവും ഒരുക്കുന്ന നളചരിതം ഒന്നാം ദിവസം കഥകളിയും ചെറുതാഴം ചന്ദ്രനും കൂട്ടരും അവതരിപ്പിക്കുന്ന പഞ്ചവാദ്യവും സ്വാമി ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് സദ്യ കഴിച്ച് മടക്കം. സ്വാമി കൃഷ്ണാനന്ദ ഭാരതി മുടങ്ങാതെ പിറന്നാൾ ഒരുക്കുന്നതു കൊണ്ട് ഒപ്പം കൂടുന്നുവെന്നു മാത്രം.
കരുണയും സ്നേഹവും ആർദ്രതയും വാക്കുകളിലൂടെ അനുഭവിപ്പിച്ച മലയാളത്തിന്റെ പ്രിയ കഥാകാരൻ അങ്ങനെയാണ്. ഷഷ്ടിപൂർത്തിയും സപ്തതിയും അശീതിയും നവതിയും ഒന്നും ആഘോഷമാക്കിയിട്ടില്ല. 1931ലെ വൃശ്ചികമാസത്തിൽ ഭരണി നക്ഷത്രത്തിൽ പിറന്ന പ്രകാശം പരത്തുന്ന കഥാകാരൻ എന്നും മലയാളത്തിന്റെ അഭിമാനമാണ്. ഇന്ത്യൻ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷ്,ഫ്രഞ്ച്, റഷ്യൻ,ജർമ്മൻ തുടങ്ങിയ ഭാഷകളിൽ കഥകൾ വിവർത്തനം ചെയ്തു.