ന്യൂഡൽഹി: എൻ.ഡി.എ എം.എൽ.എമാരെ ഫോണിലൂടെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാർ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജയിൽ ഐ.ജി ബീരേന്ദ്ര ഭൂഷൺ ബിർസമുണ്ട സെൻട്രൽ ജയിൽ സൂപ്രണ്ടിനോടാണ് നിർദ്ദേശിച്ചത്. ജയിൽ ചട്ടങ്ങൾ പ്രകാരം ജുഡിഷ്യൽ കസ്റ്റഡിയിലിരിക്കെ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമാണ്. അതിനാൽ ലാലുവിനെതിരെ നടപടിയെടുക്കണെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാർ സർക്കാരിനെ താഴെയിറക്കാൻ വേണ്ടി ലാലു ശ്രമിച്ചെന്ന ആരോപണം പുറത്തുവിട്ടത് ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിയാണ്.
കാലിത്തീറ്റ അഴിമതികേസിൽ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവിനെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റാഞ്ചി റിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ റിംസ് ഡയറക്ടേഴ്സ് ബംഗ്ലാവിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. ശബ്ദം ലാലുവിന്റേതല്ലെന്ന് ആർ.ജെ.ഡി വ്യക്തമാക്കിയിരുന്നു.