മുക്കം: പണിമുടക്കായതിനാൽ വീടുകയറി പ്രചാരണം ജോറാക്കാനിറങ്ങിയതാണ് സ്ഥാനാർത്ഥി. വീട്ടിൽ നിന്നിറങ്ങിയപ്പോൾ നാട്ടുകാർ ശ്രമദാനമായി റോഡ് നന്നാക്കുന്നു, പിന്നെ ഒന്നും ആലോചിച്ചില്ല കൈക്കോട്ട് വാങ്ങി അവരോടൊപ്പം. കൊടിയത്തൂർ പഞ്ചായത്ത് മൂന്നാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷക്കീർ വാവയ്ക്കാണ് മറക്കാനാകാത്ത ഒരു ദിനം ഇന്നലെ വീണുകിട്ടിയത്. പന്നിക്കോട് അങ്ങാടിയിൽ അപകടം പതിവായ മത്സ്യ മാർക്കറ്റിന്റെ മുന്നിലാണ് യുവാക്കൾക്കൊപ്പം മണ്ണ് നീക്കാൻ ഷക്കീർ വാവയും ചേർന്നത്. മണ്ണ് ഒലിച്ചിറങ്ങി റോഡിൽ പരന്ന് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് സ്ഥിരം കാഴ്ചയായതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. കല-കായിക-സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായ ഷക്കീർ വാവയ്ക്ക് ഇത്തരം പ്രവർത്തനങ്ങൾ കഴിഞ്ഞേ പ്രചാരണത്തിന് സ്ഥാനമുള്ളൂ. ജനപ്രതിനിധി ആയാലും ഇല്ലെങ്കിലും സാമൂഹ്യ സേവനം തുടരുമെന്ന് ഷക്കീർ വാവ പറയുന്നു.