ന്യൂഡൽഹി: ഓക്സ്ഫോർഡ് കൊവിഡ് വാക്സിൻ പരീക്ഷണത്തിന് ഇന്ത്യയിൽ നേതൃത്വം നൽകുന്ന പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സന്ദർശിക്കും.
പൂനെ ഡിവിഷണൽ കമ്മിഷണർ സൗരഭ് റാവുവാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
വാക്സിൻ വികസനത്തിന്റെ പുരോഗതി, നിർമ്മാണം, വിതരണം തുടങ്ങിയവ സംബന്ധിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി പ്രധാനമന്ത്രി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. വാക്സിൻ വിതരണത്തിന് തയാറെടുപ്പുകൾ നടത്താൻ പ്രധാനമന്ത്രി കഴിഞ്ഞദിവസം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചതിന് പിന്നാലെയാണ് സന്ദർശനം. നൂറോളം രാജ്യങ്ങളിലെ അംബാസഡർമാരും പ്രതിനിധികളും ഡിസംബർ നാലിന് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുന്നുണ്ട്.
ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രസെനിക മരുന്ന് കമ്പനിയും ചേർന്ന വികസിപ്പിച്ച വാക്സിന്റെ ഇന്ത്യൻ പങ്കാളിയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് .രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 1600 പേരിലാണ് വാക്സിന്റെ അന്തിമ ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുന്നത്. ഡിസംബർ പകുതിയോടെ ഇത് പൂർത്തിയാകും. ഫെബ്രുവരിയോടെ ആരോഗ്യപ്രവർത്തകർക്കും പ്രായമായവർക്കും വാക്സിൻ ഇന്ത്യയിൽ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. നാലു കോടി ഡോസ് വാക്സിൻ നിർമ്മിച്ചു കഴിഞ്ഞു. ജനുവരിയോടെ പത്തുകോടി ഡോസ് നിർമ്മിക്കും. ഇന്ത്യയിലെ ഉപയോഗത്തിനാണ് മുൻഗണന നൽകുകയെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു.