ലക്നൗ: ആറു മാസത്തേക്ക് സമരം തടഞ്ഞുകൊണ്ട് എസ്മ ആക്ട് പ്രഖ്യാപിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലും കോർപ്പറേഷനുകളിലുമാണ് 2021 മേയ് വരെ എസ്മ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്മ ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ 1000 രൂപ പിഴയോ അല്ലെങ്കിൽ ഇതു രണ്ടുമോ ലഭിക്കാം. ഗവർണർ ആനന്ദി ബെൻ പട്ടേലിൽ നിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് സർക്കാർ എസ്മ പ്രഖ്യാപിച്ചത്. ലഖ്നൗവിൽ ഡിസംബർ ഒന്നുവരെ നിരോധനാഞ്ജയും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലെടുത്തിട്ടും കൊവിഡ് കേസുകൾ ഉയരുന്നത് മുൻനിറുത്തിയാണ് നിരോധനാജ്ഞയെന്ന് സർക്കാർ വക്താവ് പ്രതികരിച്ചു. ഇക്കഴിഞ്ഞ മേയ് 22നും യോഗി സർക്കാർ എസ്മ പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു.