പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള നടപടികളും ചർച്ചാവിഷയം
ന്യൂഡൽഹി: പുതിയ അദ്ധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടികൾ, സംഘടനാ തിരഞ്ഞെടുപ്പ് തീയതി, പ്ളീനറി സമ്മേളനം തുടങ്ങിയവ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി ഇന്ന് ഓൺലൈനിൽ യോഗം ചേരും.
അദ്ധ്യക്ഷ പദവിയിലേക്കും പ്രവർത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് യോഗം. 25 അംഗ പ്രവർത്തക സമിതിയിൽ 12 പേരെ അദ്ധ്യക്ഷൻ നോമിനേഷനിലൂടെയും ബാക്കിയുള്ളവരെ തിരഞ്ഞെടുപ്പിലൂടെയും കണ്ടെത്തണമെന്നാണ് കോൺഗ്രസ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ, 1997ലെ കൽക്കത്താ പ്ളീനറി സമ്മേളനത്തിന് ശേഷം പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. തുടർന്നുള്ള സമിതികളിൽ ഹൈക്കമാൻഡ് നേരിട്ട് പ്രതിനിധികളെ തിരഞ്ഞെടുക്കുകയായിരുന്നു. ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് 23 നേതാക്കൾ അയച്ച കത്തിലെ പ്രധാന ആവശ്യം പ്രവർത്തക സമിതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ്. നോമിനേഷനിലൂടെ വരുന്ന ആളുകൾ നേതൃത്വത്തെ വിമർശിക്കാൻ ഭയപ്പെടുമെന്നും, തിരഞ്ഞടുപ്പ് തോൽവികളിൽ നിന്ന് പാഠം പഠിക്കാനാവുന്നില്ലെന്നും ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ്മ, ശശി തരൂർ തുടങ്ങിയ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
രോഗാതുരയായ സോണിയാ ഗാന്ധിക്ക് പാർട്ടി കാര്യങ്ങളിൽ പഴയതുപോലെ ഇടപെടാനാകുന്നില്ല. അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിനെ മടക്കിക്കൊണ്ടുവരാനുള്ള നീക്കങ്ങളും സജീവമാണ്. രാഹുൽ ഇല്ലെങ്കിൽ രണ്ടുവർഷത്തേക്ക് മറ്റൊരാളെ നിയമിക്കുന്ന കാര്യവും ചർച്ചയിലുണ്ട്. പുതിയ അദ്ധ്യക്ഷനെ അവരോധിക്കാൻ ജനുവരി ആദ്യം പ്ളീനറി സമ്മേളനം ചേർന്നേക്കും.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ആർ.ജെ.ഡി അടക്കമുള്ള സംഖ്യകക്ഷികൾ കോൺഗ്രസിനുമേൽ ചാരിയതും, മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തോൽവികളും പ്രവർത്തകസമിതി വിലയിരുത്തും.