34 വർഷങ്ങൾക്ക് മുമ്പ് മെക്സിക്കോയിലെ ആസ്ടെക്ക് സ്റ്റേഡിയത്തിൽ അവസാനമായി അർജന്റീനയ്ക്ക് വേണ്ടി ഫുട്ബാൾ ലോകകപ്പ് ഏറ്റുവാങ്ങിയ നായകൻ മാത്രമായിരുന്നില്ല ലോകത്തിന് ഡീഗോ അർമാൻഡോ മറഡോണ. അനിതരസാധാരണമായ പന്തടക്കവും വേഗവും തന്ത്രവും സമന്വയിപ്പിച്ച് എതിരാളികൾക്കിടയിലൂടെ കുതിച്ചുപാഞ്ഞ കുറിയ മനുഷ്യൻ.ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ കളിക്കാരൻ എന്ന് വാഴ്ത്തപ്പെടുമ്പോഴും ലഹരിപ്പുകയുടെ ചുരുളുകളിൽ നിർബാധം ആലസ്യം പൂണ്ടവൻ. തന്റെ രാഷ്ട്രീയവും താത്പര്യങ്ങളും തുറന്നുപറയാനും താനിഷ്ടപ്പെടുന്ന പക്ഷത്തിനായി ആരെയും ഭയക്കാതെ സംസാരിക്കാനും ധൈര്യം കാട്ടിയവൻ. ഒരേ മത്സരത്തിൽ കൈകൊണ്ട് നേടിയ ഗോളിനും നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളിനും അവകാശിയായവൻ...ഇങ്ങനെ പലതുമായിരുന്നു മറഡോണ.