കണ്ണൂർ: ഫുട് ബാൾ മാന്ത്രികൻ ഡീഗോ മറഡോണ ഇപ്പോഴും ഈ മുറിയിൽ തന്നെയുണ്ടെന്ന് വിശ്വാസിക്കാനാണ് വി. രവീന്ദ്രന് ഇഷ്ടം. മറഡോണയുടെ മരണവുമായി പൊരുത്തപ്പെടാൻ കണ്ണൂർ ബ്ളൂനൈൽ ഹോട്ടൽ ഉടമ രവീന്ദ്രന് കഴിയുന്നില്ല. 2012 ഒക്ടോബറിൽ മറഡോണ ഒരു സ്വകാര്യ പരിപാടിക്കായി കണ്ണൂരിൽ വന്നപ്പോൾ ഈ ഹോട്ടലിലെ 309 നമ്പർ മുറിയിലാണ് താമസിച്ചത്. അന്ന് മുതൽ ഇങ്ങോട്ട് ആ മുറി മറഡോണ സ്യൂട്ടായാണ് അറിയപ്പെടുന്നത്.
മറഡോണയുടെ സാന്നിദ്ധ്യം നിറയുന്ന ഈ മുറി ഒരു മ്യൂസിയം പോലെയാണ് രവീന്ദ്രൻ നിലനിർത്തിയിരിക്കുന്നത്. മറഡോണ ഭക്ഷണം കഴിച്ച പ്ളേറ്റ്, കാപ്പി കുടിച്ച കപ്പ്, വിരിച്ച ബഡ്ഷീറ്റ്,തലയണ, അദ്ദേഹത്തിന് കിട്ടിയ പൊന്നാട, ബൊക്കെ, അദ്ദേഹം ഉപയോഗിച്ച ചെരുപ്പ്...... എന്നു വേണ്ട മറഡോണയുടെ സ്പർശമേറ്റ എല്ലാം ഇവിടെ അതേ പോലെ നിലനിർത്തിയിരിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം എല്ലാം പൊടി തട്ടി തുടച്ചു വൃത്തിയാക്കും ഹോട്ടലിലെ ജീവനക്കാർ.ഇപ്പോൾ മറഡോണ സ്യൂട്ട് തേടി നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്.
കേരളീയ ഭക്ഷണമാണ് അന്നു മറഡോണ കഴിച്ചിരുന്നത്. കൊഞ്ചുകറിയും സാമ്പാറും ഓലനും അവിയലും ചേർത്താണ് സദ്യ ഒരുക്കിയത്. എല്ലാം കഴിച്ചപ്പോൾ മറഡോണയുടെ മുഖത്ത് നിറഞ്ഞ സംതൃപ്തി രവീന്ദ്രന്റെ മനസ്സിലിന്നുമുണ്ട്. ആരാധകരും മറ്റും ഹോട്ടലിനു പുറത്ത് കൂട്ടം കൂടി നിന്നപ്പോൾ അവരെ കൈ വീശി അഭിവാദ്യം ചെയ്യാനും അദ്ദേഹം മറന്നിരുന്നില്ല. ഈ ഹോട്ടലിൽ നിരവധി സിനിമാ താരങ്ങളും മറ്റും താമസിച്ചിരുന്നുവെങ്കിലും അവരോടൊന്നുമില്ലാത്ത ആരാധനയാണ് രവീന്ദ്രന് മറഡോണയോടുണ്ടായത്. ഈയിടെ മറഡോണയുടെ അറുപതാം പിറന്നാൾ ഓർമ്മകൾ നിറയുന്ന ഈ സ്യൂട്ടിൽ വച്ചാണ് രവീന്ദ്രനും ഹോട്ടൽ ജീവനക്കാരും ചേർന്ന് ആഘോഷിച്ചത്.
മറഡോണ ചിലപ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെയാണ്. വാശിയും ശാഠ്യവും എല്ലാം അപ്പപ്പോൾ പ്രകടിപ്പിക്കും. പക്ഷെ അതൊക്കെ അപ്പോൾ മാറുകയും ചെയ്യും. നല്ല സ്നേഹത്തോടെയാണ് എല്ലാവരോടും പെരുമാറിയിരുന്നത്. ഇവിടെ നിന്നു പോയ ശേഷവും നിരവധി തവണ എന്നെ വിളിച്ച് സ്നേഹാന്വേഷണം നടത്തിയിരുന്നു. സമയം കിട്ടുമ്പോൾ വീണ്ടും കേരളത്തിൽ വരണമെന്നാണ് ആഗ്രഹം. അവിടെ തന്നെ താമസിക്കുകയും വേണമെന്നും പറഞ്ഞിരുന്നു.
- വി.രവീന്ദ്രൻ