അന്ത്യശാസനം നൽകി ഡി.സി.സി പ്രസിഡന്റ്
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായതോടെ കോൺഗ്രസിൽ റിബൽ പ്രതിസന്ധി. നേതാക്കൾ ഇടപെട്ടിട്ടും നൂറ്റിയൻപതിലേറെ സ്ഥലങ്ങളിൽ ഇനിയും പ്രതിസന്ധി തുടരുകയാണ്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള തീയതി കഴിഞ്ഞിട്ടും മത്സരരംഗത്ത് നിൽക്കുന്ന റിബലുകൾ 28ന് മുൻപ് പിന്മാറിയില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഡി.സി.സി അദ്ധ്യക്ഷ അന്ത്യശാസനവും നൽകി.
ജില്ലയിൽ 1,234 ഇടങ്ങളിലാണ് യു.ഡി.എഫ് മത്സരിക്കുന്നത്. ഇതിൽ 1,100 ഇടത്തും കോൺഗ്രസാണ് മത്സരരംഗത്ത്. റിബൽ ഭീഷണി രൂക്ഷമായ നൂറിടങ്ങളിൽ കൂടുതലും പഞ്ചായത്തുകളിലാണ്. 50 ഇടത്ത് ചർച്ചകളിലൂടെയും സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തും മത്സരരംഗത്തുണ്ടായിരുന്നവരെ പിൻമാറ്റി. പലയിടത്തും എ ഗ്രൂപ്പ് മത്സരിക്കുന്നിടത്ത് ഐ ഗ്രൂപ്പും നേരെ തിരിച്ചും റിബലുകളെ നിറുത്തിയിട്ടുണ്ട്. കുണ്ടറയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് തന്നെ വാർഡിൽ റിബലായി മത്സരിക്കുകയാണ്. കുളത്തൂപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് നേതാവ് ശക്തമായ പ്രചാരണം നടത്തി റിബൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഒാട്ടോറിക്ഷ ചിഹ്നത്തിലാണ് ഇവിടെ മത്സരം.
കോർപ്പറേഷൻ
കൊല്ലം കോർപ്പറേഷനിൽ 35 ഡിവിഷനുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. പാലത്തറ, കടപ്പാക്കട, കച്ചേരി, ഉദയമാർത്താണ്ഡപുരം, കന്റോൺമെന്റ്, കോയിക്കൽ, കാവനാട്, തിരുമുല്ലവാരം, തേവള്ളി, ഉളിയക്കോവിൽ ഡിവിഷനുകളിൽ റിബൽ ശല്യം രൂക്ഷമാണ്. മറ്റ് നിരവധി ഡിവിഷനുകളിൽ ചുവരെഴുത്തിൽ പോലും റിബൽ സ്ഥാനാർത്ഥികളാണ് മുന്നിൽ. കോർപ്പറേഷനിൽ ജോസഫ് ഗ്രൂപ്പ് കോൺഗ്രസിന് വെല്ലുവിളി ഉയർത്തി ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്.
നഗരസഭകൾ
നാലു നഗരസഭകളിലുമായി 35ലേറെ റിബലുകളും പഞ്ചായത്ത് വാർഡുകളിൽ 48 റിബലുകളും മത്സര രംഗത്തുണ്ട്. ബ്ലോക്കുകളിൽ ചിലയിടത്ത് റിബൽ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. നിലവിലെ പല മെമ്പർമാർക്കും കൗൺസിലർമാർക്കും സീറ്റ് കൊടുക്കാത്തതും ജില്ലാതലത്തിലെ ഗ്രൂപ്പുപോരും വീതംവയ്പ്പുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 28ന് ശേഷവും റിബൽ പ്രതിസന്ധി മറികടക്കാനായില്ലെങ്കിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
മത്സരിക്കുന്നത്
യു.ഡി.എഫ്: 1,234
കോൺഗ്രസ്: 1,100
റിബൽ ശല്യം: 150 ഇടങ്ങളിൽ
വിമതർ പിന്മാറണം
യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നവരും അവർക്കൊപ്പമുള്ള കോൺഗ്രസ് പ്രവർത്തകരും 28ന് വൈകിട്ട് 4ന് മുൻപ് സ്ഥാനാർത്ഥിത്വം പിൻവലിച്ചതായും ഐക്യജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ഡി.സി.സിയെ അറിയിക്കണം. അല്ലാത്തപക്ഷം ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അറിയിച്ചു.