1986 ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരായ മത്സരത്തിലെ രണ്ടാം ഗോൾ 2002ൽ ഫിഫ നടത്തിയ വോട്ടെടുപ്പിൽ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം ഹാഫിൽ നിന്ന് കിട്ടിയ പന്തുമായി മൈതാനത്തിന്റെ പാതിയിലേറെ ഒറ്റയ്ക്കോടിയ മറഡോണ അഞ്ച് ഡിഫൻഡർമാരെ വെട്ടിച്ച് ഗോളടിക്കുന്നതിനിടയിൽ 11 ടച്ചുകൾ പന്തിൽ നടത്തിയിരുന്നു.സ്വന്തം പകുതിയിൽ നിന്ന് പന്ത് കാലുകളിൽ കുരുക്കിയെടുത്ത ശേഷം പീറ്റർ റീഡിനെയും ബിയേഡ്്ലിയെയും ഡ്രിബിൾ ചെയ്തു കടന്നുകയറി. ഫൗൾ ചെയ്യാനൊരുങ്ങിയ ടെറി ബുച്ചറെ മറികടന്ന് ഫെൻവിക്കിനെ വട്ടംകറക്കി ബോക്സിനരികിലേക്ക്. മുന്നോട്ടുകയറിവന്ന ഗോളി പീറ്റർ ഷിൽട്ടന്റെ ശരീരത്തിന് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടശേഷം ഡീഗോ വീണുപോയി. എന്നാൽ പന്തുവലയിലേക്ക് കയറിയതും ചാടിയഴുന്നേറ്റു കോർണർ ഫ്ളാഗിനരികിലേക്ക് അഘോഷച്ചുവടുകളുമായി ഓടി.ഗാലറികൾ ഒരു നിമിഷം സ്തബ്ധമായിപ്പോയി. പിന്നെ ആരവങ്ങളാൽ മുഖരിതമായി.