തൃശൂർ: കൊവിഡ് വ്യാപനഭീതി ഒഴിഞ്ഞിട്ടില്ലെങ്കിലും പ്രചാരണവഴികളിൽ ചൂടു പകർന്ന് സംസ്ഥാന നേതാക്കളെത്തുന്നതോടെ നാടും നഗരവും തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ മുറുകും. തുടക്കം മുതൽക്കേ സംസ്ഥാന നേതാക്കളെ ഇറക്കിയായിരുന്നു എൻ.ഡി.എയുടെ പ്രചാരണം. കേന്ദ്രമന്ത്രി വി. മുരളീധരനും പി.കെ. കൃഷ്ണദാസും കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനുമെല്ലാം ജില്ലയിലെത്തി. ഇന്നലെ ഉമ്മൻചാണ്ടിയും വിവിധ കേന്ദ്രങ്ങളിലെത്തി പ്രചാരണം ശക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനുണ്ടായ അനുകൂലതരംഗത്തിന്റെ പ്രതീക്ഷകൾ വെച്ചുപുലർത്തുന്ന യു.ഡി.എഫും എൻ.ഡി.എയും പ്രചാരണത്തിൽ കുറവ് സംഭവിക്കാതിരിക്കാനുള്ള തീവ്രയജ്ഞത്തിലാണ്. സംസ്ഥാന സർക്കാരിന്റെ നയങ്ങളും വിവാദ വിഷയങ്ങളും ഉയർത്തിക്കാട്ടിയാണ് രണ്ടു മുന്നണികളുടെയും പ്രചാരണം. എന്നാൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾ അക്കമിട്ട് നിരത്തി വിമർശിച്ചാണ് എൽ.ഡി.എഫിന്റെ പ്രചാരണ യോഗങ്ങൾ. പ്രതീക്ഷിച്ച വോട്ടുകൾ മറിയില്ലെന്ന ആത്മവിശ്വാസവും എൽ.ഡി.എഫിന് കരുത്ത് പകരുന്നു.
ഇന്നലെ പണിമുടക്ക് ദിനമായതിനാൽ പ്രചാരണത്തിന് പ്രവർത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തം കൂടി.
..........................................
സൈബർ പ്രചാരണം ശക്തമാക്കി എൽ.ഡി.എഫ്
'' എൽ.ഡി.എഫിന്റെ ദേശീയ, സംസ്ഥാന നേതാക്കൾ പ്രചാരണത്തിനായി അടുത്ത ദിവസങ്ങളിൽ ജില്ലയിലെത്തും. ഓൺലൈൻ സൈബർ പ്രചാരണം വ്യാപകമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. മുതിർന്ന നേതാക്കളുടെ പ്രസംഗങ്ങളും ഓൺലൈനായി ലഭ്യമാക്കും. മൂന്ന് മന്ത്രിമാരും ചീഫ് വിപ്പും സി.പി.എമ്മിന്റെ ജില്ലയിലുളള സംസ്ഥാന നേതാക്കളും പ്രചാരണ പരിപാടികളിൽ സജീവമാണ്.
- എം.എം.വർഗീസ്, സി.പി.എം ജില്ലാ സെക്രട്ടറി
...........................................
എല്ലാ നേതാക്കളെയും എത്തിക്കാൻ യു.ഡി.എഫ്
'' ജില്ലയിൽ അഞ്ചോ ആറോ കേന്ദ്രങ്ങളിൽ നേതാക്കളെത്തും. യു.ഡി.എഫിന്റെ എല്ലാ നേതാക്കളും ജില്ലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 28ന് രമേശ് ചെന്നിത്തലയും ഡിസംബർ രണ്ടിന് താരിഖ് അൻവറും മൂന്നിന് എം.എം. ഹസനും നാലിന് മുല്ലപ്പള്ളി രാമചന്ദ്രനും ആറിന് കെ.സി. വേണുഗോപാലും ജില്ലയിലെത്തുന്നുണ്ട്.''
- എം.പി. വിൻസെന്റ്, ഡി.സി.സി പ്രസിഡന്റ്
...........................................
സുരേഷ്ഗോപിയുടെ റോഡ് ഷോയുമായി എൻ.ഡി.എ.
'' സുരേഷ് ഗോപി എം.പി. ഡിസംബർ അഞ്ച്, ആറ് ദിവസങ്ങളിൽ റോഡ് ഷോയുമായി രംഗത്തിറങ്ങും. കോർപറേഷനിലെ 55 ഡിവിഷനുകളിലും അദ്ദേഹമെത്തും. മറ്റ് സ്ഥലങ്ങളിലും പ്രചാരണം നടത്തും. ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി 28നും സി.കെ. പദ്മനാഭൻ 30നും ജില്ലയിൽ പ്രചാരണത്തിനുണ്ടാകും. ഡിസംബർ ഒന്നിന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രചാരണം നടത്തും. ''
- രഘുനാഥ് സി. മേനോൻ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ്