ആരായിരുന്നു മറഡോണ? ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബാൾ കളിക്കാരനോ, വഴിപിഴച്ച ശീലങ്ങളിലൂടെ തന്റെ പ്രതിഭയെ പാഴാക്കിയ ധൂർത്തനോ?. സ്വതന്ത്ര ചിന്തകളിൽ വിരാജിച്ച അവധൂതനോ അനിയന്ത്രിത ചോദനകളാൽ ചിതറിപ്പോയവനോ?....ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ മറഡോണയുടെ കടുത്ത ആരാധകർക്കും എതിരാളികൾക്കും ഇനിയും കഴിഞ്ഞിട്ടില്ല. കളത്തിനകത്തും പുറത്തുമുള്ള ജീവിത പരിസരങ്ങളിൽ മാലാഖയായും ചെകുത്താനായി ഒരേ പോലെ വിശേഷിപ്പിക്കപ്പെടുകയാണ് മാലാഖ. ഈ രണ്ട് വിശേഷണങ്ങളോടും നൂറുശതമാനം കൂറുപുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് പരമപ്രധാനം.
കളിക്കളത്തിൽ പ്രതിഭാവിലാസം കൊണ്ട് വിസ്മയം തീർത്തപ്പോഴും ജീവിതത്തിൽ അച്ചടക്കരാഹിത്യത്തിന്റെ ഉന്മാദവഴികൾ താണ്ടുകയായിരുന്നു ഡീഗോ.
ബ്യൂണസ് അയേഴ്സ് പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് പട്ടിണിയുമായി പടവെട്ടിയിരുന്ന കുടുംബത്തിൽ നാല് സഹോദരിമാരുടെ കുഞ്ഞനിയനായി പിറന്ന ഡീഗോ എട്ടാം വയസുമുതൽ കാൽപ്പന്തുകളിയിലെ തന്റെ മികവുകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കാൻ തുടങ്ങിയതാണ്. തന്റെ കൗമാരവും യൗവനവും ലോക ഫുട്ബാളിന്റെ തന്നെ ആഘോഷങ്ങളാക്കി മാറ്റിയ ഡീഗോ അർജന്റീനയുടെ ഫുട്ബാൾചരിത്രത്തിലെ എന്നെന്നും ഒാർക്കാൻ ആഗ്രഹിക്കുന്ന നിരവധി മുഹൂർത്തങ്ങൾ സൃഷ്ടിച്ച ശേഷം ഒരിക്കലും ഒാർമ്മിക്കാൻ ആഗ്രഹിക്കാത്ത രീതിയിൽ കളിക്കുപ്പായം അഴിച്ചുവച്ചയാളാണ്.
1986ലെ മെക്സിക്കോ ലോകകപ്പ് ഫൈനലിൽ ഡീഗോ കിരീടമേറ്റുവാങ്ങുമ്പോൾ നൂറ്റാണ്ടിന്റെ ഗോളിന്റെ ഖ്യാതിയും ദൈവത്തിന്റെ കൈയുടെ അപഖ്യാതിയും ഒപ്പമുണ്ടായിരുന്നു. നാലുവർഷങ്ങൾക്ക് ശേഷം പശ്ചിമജർമ്മനിയോട് ഫൈനലിൽ അർജന്റീന തോൽക്കുമ്പോൾ ആരാധകർ കണ്ണീരൊഴുക്കുകയായിരുന്നുവെങ്കിൽ 1994 ലോകകപ്പിനിടെ ഉത്തേജകമരുന്നടിക്ക് പിടിയിലായി തലകുനിച്ച് മടങ്ങുമ്പോൾ അമ്പരന്ന് നിൽക്കുകയായിരുന്നു അവർ.
പിന്നീട് മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും നീരാളിക്കൈകളിൽപ്പെട്ട് ആശുപത്രിക്കിടക്കകളിലെ സ്ഥിരക്കാരനായ ഡീഗോ മരണത്തിന്റെ പടിവാതിൽക്കലെത്തി പലകുറി തിരിച്ചുവന്നു. തന്നെ പൂട്ടാനെത്തുന്ന ഡിഫൻഡർമാരെ മുന്നോട്ടും പിന്നോട്ടുമുള്ള ദ്രുതചലനങ്ങൾകൊണ്ട് കബളിപ്പിച്ച് ഗോളിലേക്ക് മുന്നേറുന്ന തന്നിലെ പ്രതിഭയുടെ സഞ്ചാരംപോലെ ഒടുവിൽ രോഗങ്ങളെ ചിതറിപ്പെറുപ്പിച്ച് പരിശീലകന്റെ വേഷത്തിൽ തിരികെയെത്തി.2010 ലോകകപ്പിൽ സാക്ഷാൽ മെസിയുടെ നേതൃത്വത്തിലിറങ്ങിയ അർജന്റീനയുടെ കോച്ചായി. കളിക്കാരനെന്നപോലെ കോച്ചിന്റെ കുപ്പായം അദ്ദേഹത്തിന് ഇണങ്ങുന്നുണ്ടായിരുന്നില്ല. പിന്നീട് മറഡോണയെന്ന ലേബൽ നൽകുന്ന വാർത്താപ്രാധാന്യം മാത്രം കണക്കിലെടുത്ത് മുൻനിരയിലില്ലാത്ത പല ക്ളബുകളും അദ്ദേഹത്തെ പരിശീലകനാക്കി.അതൊക്കെയും തമാശപോലെ അദ്ദേഹം ആസ്വദിച്ചു.