കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡറാക്കിയത് അദ്ദേഹത്തിന്റെ പേരിൽ ഖാനെന്നുള്ളത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ ഒരു റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്.
"ബി.ജെ.പിയെ പുറത്തുനിന്നുള്ള പാർട്ടിയെന്ന് മമത വിളിക്കുന്നു. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു സിനിമാ താരത്തെ ബ്രാൻഡ് അംബാസഡറായി വേണമായിരുന്നെങ്കിൽ ജനപ്രിയ നായകനും ലോക്സഭാ അംഗവുമായ ദേവിനെ തിരഞ്ഞെടുക്കാമായിരുന്നു. അല്ലെങ്കിൽ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജിയെ നിങ്ങൾക്ക് ബ്രാൻഡ് അംബാസഡറാക്കാമായിരുന്നു. എന്നാൽ നിങ്ങൾ ഷാരൂഖ് ഖാനെ തിരഞ്ഞെടുത്തു. എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലേ? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി നിങ്ങൾക്ക് ഒരു ഖാനെ ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം." ദിലീപ് ഘോഷ് പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തിന് പുറത്തുനിന്ന് ഹിന്ദി മാത്രം അറിയാവുന്ന നേതാക്കളെ വരുത്തി പ്രചാരണ പരിപാടികൾ നടത്തുന്ന ബംഗാളിന് പുറത്തുള്ള ഒരു പാർട്ടിയാണ് ബി.ജെ.പിയെന്ന് മമത ബാനർജി ആരോപിച്ചതിന് പിന്നാലെയാണ് ദിലീപിന്റെ പ്രതികരണം.
ബംഗാളിലെ ജനസംഖ്യയുടെ 30% മുസ്ലിങ്ങളാണ്. മമത ബാനർജി തന്റെ വോട്ട് ബാങ്ക് സുരക്ഷിതമാക്കാൻ ന്യൂനപക്ഷങ്ങളിലേക്ക് തിരിയുന്നുവെന്നും ബി.ജെ.പി ആരോപിച്ചു.