തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തുടങ്ങിയ പോൾ മാനേജർ ആപ്പിന്റെ സുഗമമായ പ്രവർത്തനം ഉറപ്പ് വരുത്താൻ ഓരോ വിതരണ കേന്ദ്രങ്ങളിലും പോൾ മാനേജർ ഹെൽപ് ഡെസ്കുകൾ തുടങ്ങും. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പോൾ മാനേജർ ആപ്പ് നടപ്പിലാക്കാൻ വേണ്ട നടപടികൾ വേഗത്തിലാക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കും കളക്ടർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി നിർദ്ദേശം നൽകി. ഓരോ വിതരണ കേന്ദ്രത്തിലും ഹെൽപ് ഡസ്ക് പ്രവർത്തിക്കാൻ ആവശ്യമായ വൈ ഫൈ സൗകര്യം ട്രെൻഡ് ഫെസിലിറ്റിയിലൂടെ സാധ്യമാക്കും. എല്ലാ സെക്ടറൽ, പ്രിസൈഡിംഗ്, ഫസ്റ്റ് പോളിംഗ് ഓഫീസർമാരുടെയും മൊബൈൽ ഫോണിൽ ഈ ആപ്പ് ഉണ്ടോ എന്ന് ഹെൽപ് ഡെസ്ക് ഉറപ്പുവരുത്തും.
പോൾ മാനേജർ ആപ്പ് ഉപയോഗിക്കാൻ ആവശ്യമായ പിന്തുണയും സഹായങ്ങളും ഹെൽപ്പ് ഡെസ്ക് ഉറപ്പുവരുത്തും. ഡ്യൂട്ടിയിലുണ്ടായിരുന്ന ഏതെങ്കിലും പോളിംഗ് ഓഫീസറുടെ മൊബൈൽ നമ്പർ മാറുകയാണെങ്കിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ മാറ്റാനുള്ള സൗകര്യവും പോൾ മാനേജർ പോർട്ടൽ വഴി അതത് റിട്ടേണിംഗ് ഓഫീസർമാർക്ക് സാദ്ധ്യമാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
പോൾ ആപ്പ് ഉപയോഗം
പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ലഭിച്ച നിമിഷം മുതൽ വോട്ടിംഗ് കഴിഞ്ഞ് മടങ്ങിയെത്തുന്നത് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ സാധിക്കും. ഈ ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിവിധ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തുകയും അവർക്കാവശ്യമായ പരിശീലനം നൽകുകയും ചെയ്തിരുന്നു.