കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. നായകനായുള്ള ആദ്യ ചിത്രം തന്നെ തിയ്യേറ്ററുകളിൽ വലിയ വിജയമായിരുന്നു. നാദിർഷ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയതും വിഷ്ണു തന്നെയാണ്. അടുത്ത സുഹൃത്തും നടനുമായ ബിബിൻ ജോർജ്ജിനൊപ്പമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതിയത്. ബാലതാരമായി തുടങ്ങി നായകനടനായി ഉയർന്ന താരം കൂടിയാണ് വിഷ്ണു. ഈ വർഷം ആദ്യമാണ് നടന്റെ വിവാഹം കഴിഞ്ഞത്. ഐശ്വര്യയെ ആണ് നടൻ ജീവിത സഖിയാക്കിയത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹ റിസപ്ഷനിൽ സൂപ്പർതാരങ്ങൾ ഉൾപ്പെടെയുളള സിനിമാ പ്രവർത്തകരെല്ലാം പങ്കെടുത്തിരുന്നു. തുടർന്ന് കുറച്ചുമാസങ്ങൾക്ക് മുൻപാണ് ഭാര്യ ഗർഭിണിയാണെന്നുളള കാര്യം നടൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും ഐശ്വര്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ കുറിച്ചിരുന്നു. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മാസമാണ് നടന് ആൺകുഞ്ഞ് പിറന്നത്. വിഷ്ണു തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചിരുന്നത്. നിരവധി പേരാണ് അന്ന് നടനും ഭാര്യക്കും അഭിനന്ദനങ്ങൾ നേർന്ന് എത്തിയത്. ആരാധകരും സഹതാരങ്ങളും അന്ന് വിഷ്ണുവിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ മകനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്റെതായി വന്ന പുതിയ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്തവണ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് കഴിഞ്ഞതിന്റെ സന്തോഷമാണ് നടൻ പങ്കുവച്ചിരിക്കുന്നത്. മാധവ് എന്നാണ് മകന് വിഷ്ണു ഉണ്ണികൃഷ്ണൻ പേരിട്ടിരിക്കുന്നത്. കുഞ്ഞ് പിറന്ന് 28-ാമത്തെ ദിവസമാണ് പേരിടൽ ചടങ്ങ് നടന്നത്. മലയാളത്തിൽ ബിഗ് ബ്രദറാണ് നടന്റേതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയ ചിത്രം. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണൻ അഭിനയിച്ചത്. മൂന്ന് സിനിമകൾക്ക് വേണ്ടിയാണ് ബിബിനൊപ്പം വിഷ്ണു തിരക്കഥ എഴുതിയത്. കട്ടപ്പനയ്ക്ക് പുറമെ അമർ അക്ബർ അന്തോണി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയവയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ - ബിബിൻ ജോർജ്ജ് കൂട്ടുകെട്ടിൽ ഇറങ്ങിയ മറ്റു ചിത്രങ്ങൾ.