യുവനടൻമാരിൽ ഏറെ ശ്രദ്ധേയനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. താനൊരു അച്ഛനായ സന്തോഷം പങ്കുവയ്ക്കുകയാണ് അർജുൻ ഇപ്പോൾ. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവുമായി ഒരു മാലാഖ കുഞ്ഞെത്തിയ വിശേഷം അർജുൻ പങ്കു വച്ചത്. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 'ബിടെക്ക് ', 'വരത്തൻ',‘മന്ദാരം’, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ജൂൺ’ എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്.