പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'ദളപതി 65'. സൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. എ.ആർ.മുരുഗദോസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനായി ആദ്യം മുന്നോട്ടുവന്നത്. എന്നാൽ പിന്നീട് പല കാരണങ്ങളാൽ അദ്ദേഹം ചിത്രത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. പിന്നീട് നെൽസൺ ദിലീപ്കുമാറിന്റെ പേരാണ് സംവിധായകനായി ഉയർന്ന് കേട്ടത്. നെൽസൺ സംവിധാനം ചെയ്ത ഒരു ചിത്രം മാത്രമാണ് റിലീസ് ചെയ്തിട്ടുള്ളത്. നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'കോലമാവ് കോകില' ആണ് നെൽസൺ സംവിധാനം ചെയ്ത ആദ്യ ചിത്രം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഇപ്പോഴിതാ 'ദളപതി 65' നെ കുറിച്ചുള്ള സുപ്രധാന വിവരം പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ വിജയ്ക്ക് നായികയായി എത്തുന്നത് ബോളിവുഡ് താരസുന്ദരി ദീപിക പദുകോണാണത്രേ. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യാഗിക പ്രഖ്യാപാനം ഇതുവരെയുണ്ടായിട്ടില്ല. പ്രചരിക്കുന്ന റിപ്പോർട്ട് സത്യമാണെങ്കിൽ ദീപിക അഭിനയിക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമാകും ഇത്. ചിത്രത്തിൽ വിജയ്ക്ക് രണ്ട് നായികമാരുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിലൊരാൾ മലയാളി താരമായ മഡോണ സെബാസ്റ്റ്യനാണ്. തെന്നിന്ത്യൻ നടിമാരായ കാജൽ അഗർവാൾ, പൂജ ഹെഗ്ഡെ എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. ദീപിക പദുകോൺ മാത്രമല്ല ചിത്രത്തിൽ മറ്റൊരു സർപ്രൈസ് കൂടിയുണ്ട്. ദളപതി 65 ൽ വിജയ് യുടെ വില്ലനായി എത്തുന്നത് ബോളിവഡ് താരം ജോൺ എബ്രഹാമാണെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
ദീപികയെ പോലെ മലയാളത്തിൽ ജോണിനും കൈനിറയെ ആരാധകരുണ്ട് .അതേസമയം ഇതിനെ കുറിച്ചു ഔദ്യാഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പുറത്തു വന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഒരു മാസ് ക്ലാസ് ചിത്രമായിരിക്കും ദളപതി 65.വിജയ്യുടെ അറുപത്തിയഞ്ചാമതു ചിത്രം സൂപ്പർ ഹിറ്റായ വിജയ് - എ.ആർ.മുരുഗദോസ് ടീമിന്റെ തുപ്പാക്കിയുടെ രണ്ടാം ഭാഗം ആയിരിക്കും എന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് നിഷേധിച്ച് അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. രണ്ട് മാസ് വിജയ് ചിത്രങ്ങളാണ് നിലവിൽ അണിയറയിൽ ഒരുങ്ങുന്നത്. തിയേറ്റർ റിലീസായിട്ടാകും വിജയ് ചിത്രമായ മാസ്റ്റർ എത്തുക. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നചിത്രമാണിത്. വിജയ് സേതുപതിയാണ് വില്ലാനയി ചിത്രത്തിൽ എത്തുന്നത്. മാളവിക മോഹനൻ ആണ് മാസ്റ്ററിലെ നായിക.