ചിത്രീകരണം ആരംഭിച്ചതു മുതൽ 'ദൃശ്യം 2' ചിത്രത്തിന്റെ കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമുള്ള ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ലൊക്കേഷൻ ചിത്രങ്ങളും സിനിമയുടെ വിശേഷങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ദൃശ്യം 2വിന്റെ ഡബ്ബിംഗ് പൂർത്തിയായ വിവരമാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവച്ചിരിക്കുന്നത്. മുരളി ഗോപിയുടെ ലുക്കിനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്. കലാഭവൻ ഷാജോൺ അവതരിപ്പിച്ച 'സഹദേവൻ' എന്ന കഥാപാത്രത്തെ പോലെ തോന്നിപ്പിക്കുന്ന ലുക്കിലാണ് മുരളി ഗോപി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ സാമ്യമാണ് ചർച്ചയാകുന്നത്.
ഇരു കഥാപാത്രങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. നേരത്തെയും താരം ചിത്രത്തിലെ ലുക്ക് പങ്കുവച്ചിരുന്നു. കാക്കി നിറത്തിലുള്ള പാന്റ്സ് അണിഞ്ഞ് പ്രത്യക്ഷപ്പെട്ട താരം പൊലീസ് വേഷത്തിലാകും എത്തുക എന്നാണ് ആരാധകർ ഉറപ്പിക്കുന്നത്. വരുണിന്റെ കൊലപാതകം ഇനി അന്വേഷിക്കുക മുരളി ഗോപിയാകും എന്നാണ് ആരാധകരുടെ അനുമാനം. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ദൃശ്യം 2വിന്റെ ചിത്രീകരണം 46 ദിവസം കൊണ്ട് പൂർത്തിയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സെപ്തംബറിലാണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്നാൽ ദൃശ്യത്തിന്റെ ആദ്യഭാഗം തന്ന കിക്ക് പ്രതീക്ഷിച്ച് രണ്ടാം ഭാഗത്തിനായി കാത്തിരിക്കരുത് എന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.