തിരുവനന്തപുരം: നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ എ.എസ്.ഐ വിളയാടിയത് എസ്.ഐ സ്റ്റേഷനിലുണ്ടായിരിക്കെയെന്ന് വ്യക്തമായി. സംഭവത്തിൽ ഇടപെടാതിരുന്നതിനും പൊലീസ് സ്റ്റേഷനിലെത്തിയ അച്ഛനോടും മകളോടും മോശമായി പെരുമാറാൻ സാഹചര്യമൊരുക്കിയതിനും എസ് ഐയ്ക്കെതിരെയും നടപടിയുണ്ടാകും. ഇത് സംബന്ധിച്ച അന്വേഷണം തുടർന്നുവരികയാണെന്നും സംഭവത്തിൽ എസ് പിയ്ക്ക് ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും നെടുമങ്ങാട് ഡിവൈ.എസ്.പി വെളിപ്പെടുത്തി.
മൂന്നു ദിവസം മുമ്പ് പരാതിയുമായെത്തിയ പള്ളിവേട്ട സ്വദേശിയോടും മകളോടുമുള്ള പെരുമാറ്റമാണ് പൊലീസിനെ പ്രതിക്കൂട്ടിലാക്കിയത്. പരാതിക്കാരന്റെ മറ്റൊരു മകൾ സമീപവാസിയായ യുവാവിനൊപ്പം പോയെന്ന പരാതിയെ തുടർന്ന് യുവതിയെയും യുവാവിനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. പ്രായപൂർത്തിയായ ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ ഇഷ്ടമാണെന്ന് അറിയിച്ചതിനെ തുടർന്ന് ഇരുവരെയും ഒരുമിച്ച് പോകാൻ അനുവദിച്ചു.
അതിന് ശേഷം ഈ യുവാവ് വീടിനു മുന്നിലെത്തി അസഭ്യം പറഞ്ഞതിനെത്തുടർന്ന് പരാതി പറയാനെത്തിയപ്പോഴായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ അച്ഛനോടും ഒപ്പമുണ്ടായിരുന്ന മകളോടും മോശമായി പെരുമാറിയത്. 'ഞങ്ങൾ ഭീഷണിപ്പെടുത്തും, അനാവശ്യം പറയും, നിന്റെ പരാതി നോക്കാൻ മനസ്സില്ലെടേ, നിനക്ക് വയ്യെങ്കിൽ ആശുപത്രിയിൽ പോടേ മറ്റവനേ, നീ സ്റ്റേഷനിൽ കേറി കളിക്കുന്നോ,'' എന്നിങ്ങനെയായിരുന്നു നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം . പൊലീസിന്റെ പെരുമാറ്റം മോശമായപ്പോൾ പരാതിക്കാരനൊപ്പമുണ്ടായിരുന്ന ആളാണ് കൈവശം ഉണ്ടായിരുന്ന ഫോണിൽ സംഭവം റെക്കോർഡ് ചെയ്തത്.
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ ജനത്തെ നടുക്കി വൈറലായതോടെ ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനെ ഡി.ജി.പി ഇടപെട്ട് കുട്ടിക്കാനം ആംഡ് ബറ്റാലിയൻ അഞ്ചിലേക്ക് സ്ഥലം മാറ്റി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ റൂറൽ റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഭീഷണിപ്പെടുത്തുന്ന എ.എസ്.ഐയുടെ മുന്നിൽ നിന്നു കരഞ്ഞുകൊണ്ട് പിതാവിനെ പിന്തിരിപ്പിക്കുന്ന മകളെയും വിഡിയോയിൽ കാണാം.
പരാതി പറയാനെത്തിയ ആൾ മദ്യപിച്ചിട്ടുണ്ടെന്നായി പിന്നെ എ.എസ്.ഐ. പിതാവ് മദ്യപിക്കില്ലെന്നും യന്ത്രം കൊണ്ട് ഊതി പരിശോധിക്കാമല്ലോയെന്നും മകൾ പറഞ്ഞതോടെ 'നീ പറയുമ്പോ ഊതാനുള്ള സാധനവുമായി ഇരിക്കുകയാണോ ഞങ്ങൾ' എന്ന് എ.എസ്.ഐ മര്യാദ വിട്ട് അലറുന്നതും വീഡിയോയിലുണ്ട്. എന്തായാലും സംഭവത്തിൽ പൊലീസിനെതിരേ പ്രതിഷേധവും വിമർശനവും രൂക്ഷമായതോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതിക്കാരൻ പ്രകോപനം സൃഷ്ടിച്ചതാണെന്ന നിലയിൽ പൊലീസ് സേനാംഗങ്ങൾ ചില ഗ്രൂപ്പുകളിൽ മറുപ്രചരണം നടത്തി പ്രതിരോധിക്കാനും ശ്രമിക്കുന്നുണ്ട്.