പാകിസ്ഥാൻ തുറമുഖ നഗരമായ കറാച്ചിയിൽ നിന്നും ആ കൂറ്റൻ അന്തർവാഹിനി ഇന്ത്യയെ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ നാവികസേനയുടെ ചാരക്കണ്ണുകളെ മറികടന്ന് അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും താണ്ടി ഈ യുദ്ധ നൗകയ്ക്ക് ബംഗാൾ ഉൾക്കടലിൽ എത്തിയേ തീരൂ. 1965 ലെ ഇന്ത്യ പാക് യുദ്ധത്തിൽ പാകിസ്ഥാൻ നാവികസേന തകർത്തു എന്നവകാശപ്പെടുകയും പിന്നീട് ഒരു പോറൽ പോലുമേൽക്കാതെ നാടകീയമായി പ്രത്യക്ഷപ്പെടുകയും ചെയ്ത ഇന്ത്യയുടെ അഭിമാനമായ എയർക്രാഫ്റ്റ് കാരിയർ 'ഐ. എൻ .എസ് .വിക്രാന്തി" നെയാണ് പാകിസ്താൻ നേവിയുടെ നശീകരണ കപ്പലായ പി.എൻ.എസ്. ഖാസി എന്ന അന്തർവാഹിനി ലക്ഷ്യം വച്ചിരുന്നത്.
1961 നവംബർ 3 ന് ആണ് ഐ.എൻ.എസ് വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യകക്ഷികളുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച 'എച്ച്.എം.എസ് .ഹെർക്കുലീസ്" എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലാണ് ഇന്ത്യ വിലയ്ക്കുവാങ്ങി 'ഐ.എൻ.എസ്. വിക്രാന്ത്" എന്ന പേരിൽ നാവികസേനയ്ക്ക് കൈമാറിയത്. 24 ഫൈറ്റർ വിമാനങ്ങൾ, ഏഴ് ചേതക് ഹെലികോപ്റ്ററുകൾ, 2300 ലധികം വരുന്ന നാവികസേനാനികൾ, മുന്നിലും പിന്നിലുമായി നാല് അകമ്പടി കപ്പലുകൾ... അന്ന് ഒരു കടൽരാജാവിന്റെ ഗരിമയോടെ ഐ.എൻ.എസ്. വിക്രാന്ത് ബോംബ തുറമുഖത്ത് എത്തിയപ്പോൾ സ്വീകരിക്കുവാൻ കാത്തുനിന്നവരിൽ ഇന്ത്യയുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ഉണ്ടായിരുന്നു. വിക്രാന്ത് ഇന്ത്യൻ നാവികസേനയ്ക്ക് തിലകക്കുറിയായി എത്തിയപ്പോൾ ഉറക്കം നഷ്ടപ്പെട്ടത് പാകിസ്ഥാൻ നാവികസേനക്കായിരുന്നു. പാകിസ്ഥാൻ നാവികസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അവർ സ്വന്തമാക്കിയ ആദ്യത്തെ അന്തർവാഹിനിയായിരുന്നു പി.എൻ.എസ് ഖാസി. യു.എസ്.എസ് ഡയബ്ളോ എന്ന അമേരിക്കൻ അന്തർവാഹിനിയാണ് 1963 ൽ പാകിസ്ഥാൻ സ്വന്തമാക്കി പി.എൻ.എസ്. ഖാസിയാക്കി കമ്മീഷൻ ചെയ്തത്. അത്യുഗ്രൻ നശീകരണ ശേഷിയുള്ള ഖാസി 1965ലെ ഇന്ത്യ, പാക് യുദ്ധത്തിൽ ഇന്ത്യയ്ക്ക് കനത്ത ആഘാതം ഏൽപ്പിക്കുകയും ചെയ്തു.
ഇത്തവണ ലക്ഷ്യം കണ്ടേ മടങ്ങൂ എന്ന വാശിയിലാണ് ഖാസി മുന്നോട്ടു കുതിച്ചത്. കിഴക്കൻ പാകിസ്ഥാനെ ചൊല്ലി ഇന്ത്യയും പാകിസ്ഥാനുമായി സംഘർഷം അനുദിനം മൂർച്ഛിച്ചു കൊണ്ടിരിക്കുന്ന സമയം. ഒരു യുദ്ധ പ്രഖ്യാപനത്തിന്റെ മാറ്റൊലി ഇന്ത്യൻ ചക്രവാളത്തിൽ അലയടിച്ചു കൊണ്ടേയിരുന്നു. അതിനുമുമ്പുതന്നെ ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലയിലേക്ക് പി. എൻ.എസ്. ഖാസിയെ എത്തിക്കുക എന്നതായിരുന്നു പാകിസ്ഥാൻ ലെഫ്റ്റ്നന്റ് ജനറൽ നിയാസിയുടെ തന്ത്രം. 1971 നവംബർ 14ന് കറാച്ചിയിൽ നിന്നും പുറപ്പെട്ട പി.എൻ.എസ് ഖാസി ഇന്ത്യൻ നേവിയുടെ കണ്ണിൽ പെടാതെ അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും കടന്ന് ഡിസംബർ 3ന് ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ആസ്ഥാനമായ വിശാഖപട്ടണത്തെത്തിച്ചേർന്നു. ഐ.എൻ.എസ്.വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പൽ അപ്പോൾ വിശാഖപട്ടണത്തായിരുന്നു നിലയുറപ്പിച്ചിരുന്നത്. ഇത് മണത്തറിഞ്ഞാണ് ഖാസി വിക്രാന്തിനെ പിന്തുടർന്നെത്തിയത്. ഇന്ത്യൻ ചക്രവാളങ്ങളിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങി. ആകാശങ്ങൾ ബോംബർ വിമാനങ്ങളുടെ ഇരമ്പലുകൾ കൊണ്ട് ശബ്ദ മുഖരിതമായി. അതിർത്തികളിൽ ഇന്ത്യൻ കരസേനയുടെ ശക്തമായ മുന്നേറ്റം പാകിസ്ഥാനെ കിടിലം കൊള്ളിച്ചു. നാവികസേനയുടെ വെസ്റ്റേൺ കമാൻഡ് പടകപ്പലുകളുമായി കറാച്ചി തുറമുഖത്തിനുനേരെ നീങ്ങി. പി.എൻ.എസ് ഖാസിയുടെ ചാരക്കണ്ണുകൾ അപ്പോഴും വിക്രാന്തിനെ പരതുകയായിരുന്നു. ലക്ഷ്യം ഒരു വിളിപ്പാടകലെ മാത്രം. കഴിഞ്ഞ രണ്ടുയുദ്ധങ്ങളിൽ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന് ഇതൊരു ജീവന്മരണ പോരാട്ടം തന്നെയായിരുന്നു. വിക്രാന്തിനെ തകർക്കാതെയുള്ള ഒരു മടക്കയാത്ര ഖാസിയുടെ ക്യാപ്റ്റന് ഓർക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
പക്ഷേ പാകിസ്ഥാന്റെ കണക്കുകൂട്ടലുകളെല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. പി.എൻ. എസ് ഖാസി എന്ന കൂറ്റൻ അന്തർവാഹിനി ഇന്ത്യൻ നാവികസേനയുടെ ചാരക്കണ്ണുകളെ വെട്ടിച്ച് തങ്ങളുടെ തൊട്ടടുത്തെത്തിയിട്ടുണ്ടെന്ന വിവരം ഈസ്റ്റേൺ നേവൽ കമാൻഡറിഞ്ഞു. മനഃസാന്നിദ്ധ്യം കൈവിടാതെ ഞൊടിയിടക്കുള്ളിൽ സേന ജാഗരൂകരായി. കടന്നു പോകുന്ന ഓരോ നിമിഷവും ഉത്കണ്ഠയുടേതായി മാറി. ഒന്നുകിൽ ഒരു വൻതകർച്ച അല്ലെങ്കിൽ ഒരു മഹാവിജയം എന്തിനെയും നേരിടാനുള്ള ഉൾക്കരുത്തുമായി നാവികസേനയുടെ പിന്നീടുള്ള നീക്കങ്ങൾ എല്ലാം ദ്രുതഗതിയിലായിരുന്നു. ഐ.എൻ.എസ്. രാജ്പുത്ത്, ഐ എൻ.എസ് അക്ഷയാ തുടങ്ങിയ യുദ്ധക്കപ്പലുകൾ നിമിഷങ്ങൾക്കുള്ളിൽ ഖാസിയെ വളഞ്ഞു. ശത്രുവിന് ഒന്ന് ചിന്തിക്കുവാൻപോലും സമയം കൊടുക്കാതെ രാജ്പുത്തിൽ നിന്നും ശരവേഗത്തിൽ പാഞ്ഞ ടാർപിഡോകൾ പി.എൻ.എസ് ഖാസി യുടെ ഉരുക്കുകവചങ്ങളെ പിളർത്തി. നിമിഷങ്ങൾക്കകം കിടിലം കൊള്ളിച്ച ഒരു വൻസ്ഫോടനത്തോടെ പാകിസ്ഥാന്റെ എക്കാലത്തേയും വലിയ അന്തർവാഹിനി ബംഗാൾ ഉൾക്കടലിൽ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിന്റെ തീവ്രത നഗരത്തിൽ അനുഭവപ്പെട്ടത് ഒരു ഭൂമികുലുക്കം പോലെ ആയിരുന്നുവെന്ന് പഴയ തലമുറക്കാർ ഇപ്പോഴും ഓർക്കുന്നു. അങ്ങകലെ ഡിസംബർ നാലിന്റെ പ്രഭാതത്തിനായി കിഴക്കൻ ചക്രവാളങ്ങൾ തുടുത്തപ്പോഴേക്കും പി.എൻ.എസ് ഖാസി ഒരു ഓർമ്മ മാത്രമായി അവശേഷിച്ചിരുന്നു.
ഈസ്റ്റേൺ നേവൽ കമാൻഡിനെ ഉദ്വേഗത്തിന്റ വാൾമുനയിൽ നിറുത്തിയ ഈ കടൽയുദ്ധം വിശാഖപട്ടണത്ത് നടന്നുകൊണ്ടിരിക്കേ അതേ രാത്രിയിൽ നാവികസേനയുടെ വെസ്റ്റേൺ കമാൻഡ് മറ്റൊരു ഐതിഹാസിക പോരാട്ടത്തിന്റെ അഗ്നിപരീക്ഷണങ്ങൾ നേരിടുകയായിരുന്നു. നാവികസേനയുടെ കരുത്തുറ്റ നാലു യുദ്ധകപ്പലുകൾ ഐ.എൻ.എസ്. കിൽട്ടൺ, ഐ.എൻ.എസ്. കച്ചാൻ , ഐ എൻ.എസ്. നിപട്ട്, ഐ.എൻ.എസ്. വീർ കറാച്ചി തുറമുഖത്തിന് നേരെ ആഞ്ഞടിച്ചു .പിന്നീട് 'ഓപ്പറേഷൻ ട്രി ഡെന്റ് 'എന്ന് നാവികസേനാ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഈ ആക്രമണത്തിൽ കറാച്ചി തുറമുഖം പ്രകമ്പനംകൊണ്ടു . വെടിയുണ്ടകളും ടാർപിഡോകളും ഹാർബറിൽ തീഗോളങ്ങൾ തീർത്തു. ചെകിടടപ്പിക്കുന്ന പീരങ്കി ഗർജനങ്ങളാൽ നഗരം കിടുങ്ങി. മണിക്കൂറുകൾ നീണ്ടുനിന്ന തീ പാറുന്ന പോരാട്ടങ്ങൾക്കൊടുവിൽ കറാച്ചി നഗരം പൂർണമായും ഇന്ത്യൻ സേനയുടെ അധീനതയിലായി. പാകിസ്ഥാന്റെ യുദ്ധക്കപ്പലുകളായ പി.എൻ.എസ് മുഹാഫസ്, പി.എൻ.എസ് ഖൈബർ, പി.എൻ.എസ് വീനസ് എന്നിവയെല്ലാം ഇന്ത്യൻസേന പിടിച്ചെടുത്തു. പന്ത്രണ്ടു ദിവസം നീണ്ടുനിന്ന ഘോരയുദ്ധത്തിനുശേഷം ഡിസംബർ 16ന് പാകിസ്ഥാൻ കീഴടങ്ങി.
ഇന്ത്യൻ നാവികസേനയുടെ ഈ ഐതിഹാസിക വിജയങ്ങളാണ് പിന്നീട് ഡിസംബർ 4 'നേവൽ ഡേ" ആയി ഇപ്പോഴും ആഘോഷിക്കപ്പെടുന്നത്. ബംഗാൾ ഉൾക്കടലിൽ എരിഞ്ഞമർന്ന പി.എൻ.എസ്. ഖാസിയുടെ അവശിഷ്ടങ്ങൾ വിശാഖപട്ടണം നേവൽ മ്യൂസിയത്തിൽ ഇപ്പോഴും സന്ദർശകരെ ആകർഷിക്കുന്നു. 1971ൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഈ ഉജ്ജ്വല വിജയം 'വിക്ടറി അറ്റ് സീ" എന്നാണ് പിന്നീട് ചരിത്രത്തിൽ അറിയപ്പെട്ടത്.വിശാഖപട്ടണത്തെ ആർ.കെ. ബീച്ചിൽ ഈ യുദ്ധ സ്മാരകം 1971 ലെ ഇന്ത്യപാക്യുദ്ധത്തിന്റെ വീരസ്മരണകളുണത്തി ചരിത്രസ്മാരകമായി നിലകൊള്ളുന്നു. 1997 ജനുവരി 31 ന് ഇന്ത്യയുടെ എക്കാലത്തെയും അഭിമാനമായ ഐ.എൻ.എസ്. വിക്രാന്ത് ഡി കമ്മീഷൻ ചെയ്തു. ആന്ധ്രപ്രദേശ് ഗവൺമെന്റും മഹാരാഷ്ട്ര ഗവൺമെന്റും വിക്രാന്തിനെ ഒരു മ്യൂസിയമായി നിലനിറുത്താൻ ശ്രമിച്ചെങ്കിലും അജ്ഞാതമായ ചില കാരണങ്ങളാൽ ഈ കപ്പൽ പിന്നീട് ഇരുമ്പുവിലയ്ക്ക് വിൽക്കുകയാണുണ്ടായത്.
2014 ൽ ൽ മുംബയിലെ ഒരു കപ്പൽപ്പൊളി ശാലയിൽ വച്ച് പൊളിക്കപ്പെട്ട വിക്രാന്ത്, പ്രമുഖ വാഹന നിർമാതാക്കളായ ബജാജ് സ്വന്തമാക്കി അവരുടെ 'വീ" എന്ന ബൈക്ക് നിർമ്മിച്ചു കൊണ്ടിരിക്കുന്നു. 'വീ "യുടെ എൻജിനിൽ ഐ.എൻ.എസ് വിക്രാന്ത് എന്നും നാവികസേനയുടെ ലോഗോയും മുദ്രണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ വീരോജ്ജ്വലമായ ഈ യുദ്ധചരിത്രം അടുത്തിടെ വെള്ളിത്തിരയിലും എത്തുകയുണ്ടായി. 'ഖാസി അറ്റാക്ക് "എന്ന പേരിൽ ഹിന്ദിയിലും തെലുങ്കിലും പുറത്തിറങ്ങിയ ഈ സിനിമ സങ്കൽപ്പ റെഡ്ഢി സംവിധാനം ചെയ്യുകയും ബാഹുബലിയിലൂടെ താരമായി വളർന്ന റാണ ദഗുബട്ടി നായകനായി അഭിനയിക്കുകയും ചെയ്തു. 2018ലെ ഏറ്റവും മികച്ച തെലുങ്കു ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിനായിരുന്നു.
(ലേഖകന്റെ ഫോൺ: 9030758774)