കോഴിക്കോട് : വടകരയിൽ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബിനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് റെയ്ഡ് നടന്നത്. പ്രാഥമിക പരിശോധന മാത്രമാണ് നടന്നത്. സ്ഥാപനങ്ങളിലെ രേഖകൾ പരിശോധിച്ച ഇഡി സ്ഥാപനങ്ങൾ തുടങ്ങാൻ വേണ്ടിവന്ന മൂലധനം എവിടെ നിന്നാണെന്നും അന്വേഷിച്ചു.
സ്വർണക്കടത്ത്, സർക്കാരിന്റെ വൻകിട പദ്ധതികളിലെ ബിനാമി കള്ളപ്പണ ഇടപാടുകൾ എന്നിവയിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പിന്നാലെ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രവീന്ദ്രനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രവീന്ദ്രൻ കൊവിഡ് മുക്തനായെങ്കിലും രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയാണെന്നും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകളടങ്ങിയ മരുന്നുകൾ നൽകുന്നതിനാൽ പ്രമേഹവും ഉയരുന്നുണ്ട്. സ്കാനിംഗ് ഉൾപ്പെടെ കൂടുതൽ പരിശോധനകളും വേണം. അതിനാൽ ഉടൻ ഡിസ്ചാർജ് ചെയ്യാനാവില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്.
നവംബർ 6ന് ചോദ്യം ചെയ്യൽ നോട്ടീസ് ഇ ഡി രവീന്ദ്രന് നല്കിയിരുന്നു. എന്നാൽ അടുത്ത ദിവസം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് മുക്തനായ ശേഷം ഒരാഴ്ച ക്വാറന്റൈനും പൂർത്തിയാക്കിയ ശേഷമായിരുന്നു ഇ.ഡി രണ്ടാമതും നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച ഹാജരാകണമെന്നായിരുന്നു ഇ ഡിയുടെ നോട്ടീസ്. എന്നാൽ കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതിനിടെ, രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കണമെന്നും കൊവിഡ് ബാധിതനായിരുന്നോ എന്നറിയാൻ ആന്റിബോഡി പരിശോധന വേണമെന്നും പ്രതിപക്ഷം ആവശ്യമുയർത്തിയിട്ടുണ്ട്. എം. ശിവശങ്കറിന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് രവീന്ദ്രനും തന്നെ വിളിച്ചിട്ടുണ്ടെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു.