കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ തലങ്ങും വിലങ്ങും വിമതപ്പട കളി തുടങ്ങി.
എൽ.ഡി.എഫിലും വിമതർ ഉണ്ടെങ്കിലും യു.ഡി.എഫിലാണ് കൂടുതൽ. വിമതർ ശക്തമായിടത്ത് ഔദ്യോഗിക സ്ഥാനാർത്ഥിയുടെ പേരു പ്രഖ്യാപിക്കലും പാർട്ടിയിൽ നിന്ന് പുറത്താക്കലും തകൃതിയായി നടക്കുകയാണ്.
ജില്ലാ തലത്തിൽ യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ ചേർന്നെടുത്ത തീരുമാനം അട്ടിമറിച്ച് പ്രാദേശിക തലത്തിൽ വിമതർ മത്സരരംഗത്തിറങ്ങിയത് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നു. ഒറിജനൽ ഏത് ഡൂപ്ലിക്കേറ്റ് ഏതെന്ന് വോട്ടർമാർക്ക് സംശയം തോന്നുന്ന തരത്തിലാണ് പ്രചാരണ രംഗത്ത് വിമതരുടെ സാന്നിദ്ധ്യം. കോൺഗ്രസിലെ ഏ.ഐ തർക്കത്തിനു പുറമേ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും മുസ്ലീം ലീഗിനും നൽകിയ സീറ്റുകളിലും യു.ഡി.എഫിൽ വിമതപ്പട സജീവമാണ്. വിമതരെ പിൻവലിപ്പിക്കാൻ പല വാഗ്ദാനങ്ങൾ നൽകി പരാജയപ്പെട്ടിടത്ത് ' വെറും സൗഹൃദമത്സരമെന്നാണ് ' നേതാക്കളുടെ വിശദീകരണം.
ജില്ലാ പഞ്ചായത്തിൽ അതിരമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോസഫ് വിഭാഗം സ്ഥാനാർത്ഥി ഡോ.റോസമ്മ സോണിക്കെതിരെ വെല്ലുവിളി ഉയർത്തി മഹിളാകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മോളി ലൂയീസ് , ജോസഫ് വിഭാഗത്തിലെ സാലി ജോർജ് എന്നിവർ മത്സരിക്കുന്നു. മോളിയെ മഹിളാകോൺഗ്രസിൽ നിന്നു പുറത്താക്കിയിട്ടുണ്ടെങ്കിലും കോൺഗ്രസുകാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം.
നഗരസഭകളിലും പ്രശ്നം
കോട്ടയം, ചങ്ങനാശേരി, പാലാ, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, വൈക്കം എന്നീ ആറ് നഗരസഭകളിലും വിമത സ്ഥാനാർത്ഥികൾ ശക്തമായി രംഗത്തുണ്ട്. കോട്ടയത്ത് അഞ്ചു വാർഡുകളിൽ കോൺഗ്രസിന് വിമതരുണ്ട്. ഇടതു മുന്നണിക്ക് 22,27 വാർഡുകളിലും. ഏറ്റുമാനൂരിൽ മൂന്ന് വാർഡുകളിൽ യു.ഡി.എഫ് വിമതർ മൽസരിക്കുന്നു. ചങ്ങനാശേരിയിൽ യു.ഡി.എഫിന് മൂന്നിടത്ത് സ്ഥാനാർത്ഥികളില്ല. പുറമേ വിമതശല്യവും ശക്തം. വൈക്കത്ത് രണ്ടിടത്ത് എൽ.ഡി.എഫിനും ഒരിടത്ത് യു.ഡി.എഫിനും വിമതരുണ്ട്. പാല, ഈരാറ്റുപേട്ട നഗരസഭകളിലും ഇരുവിഭാഗത്തിനും വിമതരുണ്ട്.
ഇടഞ്ഞ് മുസ്ലീം ലീഗ്
തൃക്കൊടിത്താനം പഞ്ചായത്ത് വാർഡ് 15ൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് വിമതൻ മത്സരിക്കുന്നു. ഇതിനെതിരെ ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി രംഗത്തെത്തി.
ലീഗ് ആവശ്യപ്പെട്ട എരുമേലി ജില്ലാ പഞ്ചായത്ത് സീറ്റിനു പകരം യു.ഡി.എഫ് നേതൃത്വം ലീഗിന് അനുവദിച്ച തൃക്കൊടിത്താനം പഞ്ചായത്തിൽ ജില്ലാ നേതാവ് റഷീദ് ആരമല മത്സരിക്കുന്നതിനെതിരെ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയെ നിറുത്തി. എന്നിട്ടും മുസ്ലീംലീഗ് യു.ഡി.എഫിനെതിരെ മത്സരിക്കുകയാണെന്ന പ്രചാരണം നടത്തുകയാണെന്ന് ജില്ലാ പ്രസിഡന്റ് കുറ്റപ്പെടുത്തി.