കോട്ടയം: പുലർച്ചേ ചൂടുള്ള വാർത്തകളുമായുള്ള പരക്കം പായൽ. അതുകഴിഞ്ഞാൽ വോട്ടുപിടിത്തം. എല്ലാദിവസവും ചൂടുള്ള വാർത്തകളുമായി വോട്ടർമാരെ കാണാനെത്തുന്ന ഇവരും ജനപ്രതിനിധിയാകാനുള്ള പരിശ്രമത്തിലാണ്. വോട്ടർമാരെ ഏറ്റവും അടുത്തറിയാമെന്നത് തിരഞ്ഞെടുപ്പിൽ തങ്ങളെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണിവർ.
രാവിലെ നാലു മണിയോടെ ജോലിക്കായി വീടു വിട്ടിറങ്ങും. വീടുകൾ തോറും കയറി
പത്രമിടും. 8 മണിയോടെ പൂർത്തിയാക്കി, തിരികെ വീട്ടിലേയ്ക്ക്. അതിന്
ശേഷം വേണം തിരഞ്ഞെടുപ്പു പ്രചാരണം. ഈ തിരഞ്ഞെടുപ്പിൽ
മത്സരിക്കുന്നവരിൽ പത്രം ഏജന്റുമാരുണ്ട്. അവരിൽ ചിലരിതാ.
ജിതേഷ്
മണിമല പഞ്ചായത്തിലെ 12-ാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ ജിതേഷ് എന്ന ലാൽ കേരളകൗമുദി ഉൾപ്പെടെയുള്ള പത്രങ്ങളുടെ ഏജന്റാണ്. സമീപ വാർഡുകളിലും പത്ര വിതരണം നടത്തുന്ന ജിതേഷിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തുക പോലും വേണ്ട വോട്ടർമാർക്ക്. പ്രചാരണ പോസ്റ്ററുകളിൽ മാത്രമല്ല ദിവസവും രാവിലെ കാണുന്ന തന്റെ മുഖം പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ വോട്ടർമാർ മറക്കില്ലെന്നാണ് ജിതേഷിന്റെ പ്രതീക്ഷ.
നന്ദു കൃഷ്ണ
വിജയപുരം പഞ്ചായത്ത് 11-ാം വാർഡിലെ ഏജന്റാണ് വിദ്യാർത്ഥിയായ നന്ദു കൃഷ്ണ. കുറിച്ചി സെന്റ് മേരീസ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായ നന്ദു പത്രമിടലിനും പ്രചാരണത്തിനുമൊപ്പം പരീക്ഷയ്ക്കും തയ്യാറെടുക്കുകയാണ്. ഇന്നും ഡിസംബർ ഒന്ന്, മൂന്ന് തീയതികളിലും നന്ദുവിന് പരീക്ഷയാണ്. രണ്ട് പരീക്ഷകളിലും വിജയമുറപ്പെന്നാണ് നന്ദു പറയുന്നത്.