പഞ്ചാബിലെ അമൃത്സറിൽ ബാഗാ അതിർത്തിയും സുവർണ ക്ഷേത്രവും സന്ദർശിക്കാനായി കുടുംബസമേതം എത്തിയതാണ്. പഞ്ചാബി ഗ്രാമത്തെ അതേപടി പറിച്ചുനട്ടതെന്ന് അവകാശപ്പെടുന്ന ഒരു സ്ഥലം കാണാനായി ഞങ്ങളെത്തി. അവിടത്തെ കരകൗശലഗ്രാമം എന്റെ മകളുടെ മനം കവർന്നു. കാർപ്പറ്റ് നെയ്യുന്ന കലാകാരന്റെ അടുത്തെത്തി അവൾ കുശലം ചോദിച്ചു. പിന്നെ കൈവിദ്യ കണ്ടും കുറച്ചൊക്കെ ചെയ്തും വശമാക്കാൻ ശ്രമിച്ചു. അതിനിടെ അവർ നല്ല സുഹ്യത്തുക്കളായി. 'ഭൈയ്യാ ഈ കാർപ്പറ്റ് പൂർത്തിയാക്കാൻ എത്രനാളെടുക്കും?' അവളുടെ ചോദ്യ ത്തിന് ബൽവീന്ദറിന്റെ ഉത്തരം 'മൂന്നു മാസം കൂടിയെടുക്കും'. ദിവസം 250 രൂപയ്ക്കാണത്രേ പണിയെടുക്കുന്നത്. 'ഇത്ര കുറഞ്ഞ കൂലിയ്ക്ക് എന്തിനു പണിയെടുക്കുന്നു ഭൈയ്യാ?'
'എനിക്കീ പണി മാത്രമേ അറിയൂ ബഹൻ... ജീവിക്കാൻ മറ്റെന്തു ചെയ്യും? ഇതു ചെയ്യുന്നത് എനിക്കിഷ്ടവുമാണ്'. നമ്മുടെ രാജ്യത്തെ വിവിധ കരകൗശല വിദ്യകൾ ബ്രിട്ടീഷ് ഭരണകാലത്ത് കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട ചരിത്രം ഞങ്ങൾ ഓർമ്മിച്ചു. എത്രമാത്രം ശ്രദ്ധയും കൗശലവുമുണ്ടെങ്കിൽ മാത്രമേ ആ കൈത്തുന്നൽ ചെയ്യാനാവൂ എന്ന സത്യം ഞങ്ങൾ ഓർത്തു. പിന്നീട് ശ്രീനഗറിലും കൈത്തുന്നൽ ചെയ്യുന്നവരെ കണ്ടപ്പോൾ ഏതാണ്ട് സമാനമായ കഥകൾ അവരും പറഞ്ഞു. ഹൃദയത്തിൽ ഒരു മുള്ളായി അവരുടെ കുറഞ്ഞ കൂലി ഇന്നും അവശേഷിയ്ക്കുന്നു. മസൂറിയിലും ശ്രീനഗറിലുമൊക്കെ ഭംഗിയുള്ള കൈത്തുന്നലുള്ള കുർത്തകൾ വളരെ കുറഞ്ഞ വിലയ്ക്കു തെരുവിൽ വില്ക്കുന്നതു കാണുമ്പോൾ എനിയ്ക്കു ബൽവീന്ദറിനെ ഓർമ്മ വരും. പഞ്ചാബിലെ ഫുൽകാരി, ബാഗ് തുന്നലുകൾ വളരെ മനോഹരമാണ്. ഈ ചിത്രത്തുന്നലുകളുള്ള വസ്ത്രങ്ങൾ ഞങ്ങൾ വാങ്ങുമ്പോഴും അവ നെയ്യുന്ന കലാകാരന്മാരുടെ വിയർപ്പിന്റെ മണം അവയിൽ അനുഭവപ്പെട്ടു. ഇത്തരം തനതായ കലകൾ തനതായ ഭക്ഷ്യവിഭവങ്ങൾ ഇവയെയൊക്കെ പ്രോത്സാഹിപ്പിക്കാൻ ധാരാളം വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളുമൊക്കെ ഇന്നുണ്ട് എങ്കിലും ഇവയൊക്കെ ഉണ്ടാക്കുന്ന ഗ്രാമീണർക്ക് ഇന്നും വേണ്ടത്ര വേതനം കിട്ടുന്നില്ല; അംഗീകാരം ലഭിയ്ക്കുന്നില്ല എന്നതു യാഥാർത്ഥ്യമാകുന്നു.
ലക്നൗ സന്ദർശിച്ചപ്പോൾ അവിടത്തെ പ്രസിദ്ധമായ ചിക്കൻകാരി വർക്ക് ചെയ്യുന്ന സ്ഥലങ്ങൾ തികച്ചും വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതു കണ്ടു. ഭുജിൽ പോയപ്പോൾ അവിടത്തെ മിറർ വർക്ക് ചെയ്യുന്ന സ്ത്രീകളെ കണ്ടു. എത്ര വർണവൈവിധ്യമാണാ പാവാടകൾക്കും ചോളിക്കും! തുന്നുന്നവരുടെ ജീവിതത്തിനു കൂടി നിറമുണ്ടാകട്ടെ. മദ്ധ്യപ്രദേശിലെ 'മൃഗനയനി' എന്ന ഗവൺമെന്റ് കരകൗശല ശൃംഖല ജനപ്രിയമാക്കിയത് എന്റെ ബാച്ച്മേറ്റായ വീര റാണ ഐ.എ.എസ് ആണ്. അതിനു അവളൊഴുക്കിയ വിയർപ്പിന്റെ കഥ പറയുകയുണ്ടായി. കലാകാരന്മാർക്ക് അർഹിയ്ക്കുന്ന കൂലി ലഭിക്കാൻ അവസരമുണ്ടാക്കിയതിലാണ് ഏറെ ചാരിതാർത്ഥ്യമെന്ന് അവൾ പറഞ്ഞു. ബിഹാറിലെ മധുബനി ചിത്രങ്ങൾ വരയ്ക്കുന്നത് പച്ചിലച്ചാറുകളും മറ്റും ഉപയോഗിച്ചാണ്. ഇവ ഉണ്ടാക്കുന്ന ചില സ്ത്രീകളുടെ സഹകരണ സംഘങ്ങൾ സന്ദർശിക്കാൻ മധുബനിൽ പോയപ്പോൾ ഞാൻ സമയം കണ്ടെത്തി. തനതായ ടസർ സിൽക്കിൽ അവർ വരയ്ക്കുന്ന മത്സ്യവും (ഗംഗയിലെ മത്സ്യ സമ്യദ്ധിയെ ഓർമ്മിപ്പിയ്ക്കുന്നു) മയിലും മറ്റ് ആവർത്തിയ്ക്കുന്ന പ്രക്യതിരൂപങ്ങളും കലാകാരന്മാർക്ക് പ്രക്യതിയോടുള്ള ആത്മബന്ധം വിളിച്ചോതുന്നു. ചിത്രകലാ വർക്ക്ഷോപ്പുകളും മറ്റും നടത്തുകയും ഇവയ്ക്ക് വിപണി കണ്ടെത്തുകയും ചെയ്യുന്ന നാരായൺ ചക്രവർത്തി എന്ന കലാകാരനെ പരിചയപ്പെട്ടു. കലാകാരികൾക്ക് വേണ്ടത്ര വേതനം ഇവർ ഉറപ്പാക്കുന്നുവത്രേ. ഗവൺമെന്റ് നടത്തുന്ന ഒരു കടയിൽ നിന്ന് എനിക്കിഷ്ടപ്പെട്ട ഡിസൈൻ വരയ്ക്കാനായി ഇഷ്ടപ്പെട്ട നിറമുള്ള തുണി തിരഞ്ഞെടുത്തു നൽകി. ആ ഭംഗിയുള്ള സാരി എന്റെ പ്രിയപ്പെട്ട ഒരു വസ്ത്രം മാത്രമല്ല കലാവസ്തുവായിക്കൂടി ഞാൻ സൂക്ഷിക്കുന്നു. ബംഗാളിലെ കാന്താ വർക്കും ഒഡീസയിലെ പിപ്ലി എന്ന സ്ഥലത്തെ ആപ്ലിക്ക് വർക്കും ആന്ധ്രയിലെ കലംകാരിയും കേരളത്തിലെ മ്യൂറലും മറ്റനേകയിനം ചിത്ര/തുന്നൽ സമ്പ്രദായങ്ങളും ഇന്ത്യയുടെ കലാ വൈവിദ്ധ്യത്തിന്റെ സമ്പന്ന കഥകൾ പറയും; പിപ്ലി എന്ന ഒറിയ ഗ്രാമത്തിൽ തയ്യൽക്കടകൾ നിറഞ്ഞ തെരുവുണ്ട്. അവർ ആപ്ലിക് വർക്ക് കൊണ്ടുള്ള വോൾ ഹാംസിംഗുകളും ബെഡ്ഷീറ്റുകളും കുഷനുകളു മൊക്കെ തയ്ക്കുന്നത് എത്ര വേഗത്തിലാണെന്നോ. വർണവൈവിധ്യമാർന്ന ആ തെരുവിലൂടെ നടന്നത് ഒരനുഭവമാണ്. ബംഗാളിലെ കാന്താവർക്ക് സമ്പൂർണമായി ബ്രിട്ടീഷ് ഭരണകാലത്തു നശിച്ചു പോയി. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ജന്മം കൊണ്ട ഈ കലയെക്കുറിച്ച് 500 വർഷം പഴക്കമുള്ള 'ചൈതന്യ ചരിതാമൃതം' എന്ന ക്യഷ്ണരാജ് കവിരാജിന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. കാന്താവർക്കിനെ പുനരുജ്ജീവിപ്പിച്ചത് 1940 കളിൽ ശാന്തിനികേതനിലാണ്. രബീന്ദ്രനാഥ ടാഗോറിന്റെ മരുമകളാണത്രേ അതിനു നേത്യത്വം കൊടുത്തത്. ഇനിയുമെത്രയെത്ര തരം ചിത്രത്തുന്നലുകൾ ഓരോ സ്ഥലങ്ങളിലായി ഉണ്ട്! ഓരോ കല മരിയ്ക്കുമ്പോഴും ഒരു സംസ്കാരമാണു മണ്ണടിയുന്നത്. നമ്മുടെ സമ്പന്നമായ ചിത്രത്തുന്നൽ/പെയിന്റിംഗ് സമ്പ്രദായങ്ങളിലൂടെ നമ്മുടെ വൈവിധ്യമാർന്ന സംസ്കാരം ദീർഘകാലം നിലനിൽക്കട്ടെ.