പൊൻകുന്നം: നാട്ടിലെ അറിയപ്പെടുന്ന മേസ്തിരി, ഏറ്റവും വലിയ മോട്ടോർ വർക്ക്ഷോപ്പ് ഉടമ, സ്വന്തമായി നാല് വാഹനങ്ങൾ, ഇഷ്ടംപോലെ സ്വത്ത്. ഇതെല്ലാം നോക്കി നടത്താൻ സമയവുമില്ല. എന്നിട്ടും മേസ്തിരി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് ഒരു വാശികൊണ്ടാണ്.
വർക്ക്ഷോപ്പിന്റെ ലൈസൻസിനുവേണ്ടി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി മടുത്തതിന്റെ വാശി. എത്ര പണം മുടക്കിയാലും വേണ്ടില്ല എങ്ങനേയും ജയിക്കണം.പ്രചാരണത്തിന്റെ ചുമതല രണ്ട് അളിയന്മാരെ ഏൽപ്പിച്ചു. അതാകുമ്പം ഭാര്യക്കും സന്തോഷമാകും. അവളുടെ ആങ്ങളമാരെ ഗൗനിക്കുന്നില്ലെന്ന പരാതിയും തീരും.
രണ്ടു ജീപ്പാണ് പ്രചാരണത്തിനായി ഓടുന്നത്. രണ്ട് അളിയന്മാരും ഓരോ വണ്ടിയുമായി രാവിലെ ഇറങ്ങും. വെറുതെ വീട്ടിലിരുന്ന അളിയന്മാർക്കും സന്തോഷം. ഇഷ്ടംപോലെ പണം, പിന്നെ വണ്ടിയും. ഒരുമാസം അടിച്ചുപൊളിക്കാം. അളിയൻ സ്ഥാനാർത്ഥിയായത് എന്തായാലും നന്നായി. ഇലക്ഷൻ വർക്ക് കഴിഞ്ഞ് അളിയന്മാർ തിരിച്ചെത്തുമ്പോൾ രാത്രി പത്തുമണി കഴിയും. അളിയന്മാരുടെ ആത്മാർത്ഥതകണ്ട് മേസ്തിരിയുടെ കണ്ണുനിറഞ്ഞു. ഈ ആത്മാർത്ഥതയും അദ്ധ്വാനവും വോട്ടായിമാറിയാൽ എതിരാളികളുടെ കെട്ടിവെച്ച കാശുപോകുമെന്നുറപ്പാ.
മെമ്പറായിക്കഴിഞ്ഞാൽ അളിയന്മാർക്ക് എന്തെങ്കിലും ഒരു ബിസിനസ് ഇട്ടുകൊടുക്കണം . ഇനിയുള്ളകാലം അവർ ഇവിടെത്തന്നെ കഴിയട്ടെ. ഒരമ്മപെറ്റ അളിയന്മാരെപ്പോലെ.
തിരഞ്ഞെടുപ്പിന്റെ തലേന്ന് വീട്ടിൽ ഒരു ഉത്സവത്തിന്റെ മേളം. പിന്തുണ അറിയിക്കാൻ ബന്ധുക്കളും അയൽക്കാരും എല്ലാം ഒത്തുകൂടി. എല്ലാവർക്കും ഉഗ്രൻ സദ്യയും കൊടുത്തു. വോട്ടെടുപ്പ് കഴിഞ്ഞു പിറ്റേന്ന് രാവിലെ 8 ന് വോട്ടെണ്ണൽ തുടങ്ങി. ജയിക്കുമെന്ന് കരുതിയ മേസ്തിരിക്ക് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ആകെ കിട്ടിയത് രണ്ട് വോട്ട്.
അളിയന്മാരുടെ പൊടിപോലും കാണാനില്ല. തലേന്ന് സദ്യ ഉണ്ടത് 67 പേർ. വീട്ടിലെത്തിയ മേസ്തിരി വിഷണ്ണനായി ഇരിക്കുന്നതുകണ്ട് സമാധാനിപ്പിക്കാനായി അമ്മയും ഭാര്യയും അടുത്തെത്തി. സാരമില്ലെടാ ഇനി വിഷമിച്ചിട്ടെന്തുകാര്യം. അമ്മ പറഞ്ഞു. വിഷമമൊന്നുമില്ലമ്മേ. പിന്നെ ചേട്ടനെന്താ ഇത്ര ആലോചിക്കുന്നത്. ഭാര്യ ചോദിച്ചു. അല്ല,വോട്ട് രണ്ടെണ്ണം കിട്ടി.അതിൽ ഒന്ന് എന്റേതാ മറ്റേവോട്ട് ആരുടേതാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. തിരിഞ്ഞുനോക്കുമ്പോൾ ഭാര്യയും അമ്മയും ഏതിലേ പോയെന്നു കണ്ടില്ല.