ഇടുക്കി: കനിവ് 108 ആംബുലൻസിന്റെ ജില്ലയിലെ അടിസ്ഥാന പ്രവർത്തന രീതികൾ സംബന്ധിച്ച് ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലയുടെ പ്രത്യേക പശ്ചാത്തലം കണക്കിലെടുത്ത് 80 കിലോമീറ്റർ പരിമിതി അപര്യാപ്തമാണെന്നും അന്തർ സംസ്ഥാന യാത്ര അനിവാര്യമാകുമ്പോൾ ആരോഗ്യ വിഭാഗം കൺട്രോൾ റൂമിന്റെ അനുമതി മതിയാകും തുടങ്ങി ജില്ലയിൽ ആംബുലൻസിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ മാറ്റങ്ങൾ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ, പെട്ടെന്ന് ഉണ്ടാകുന്ന രോഗങ്ങൾ , അപ്രതീക്ഷിതമായ പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിൽ ആംബുലൻസിന്റെ സേവനം അത്യന്താപേക്ഷിതമാണ്.ഇവയുടെ പ്രവർത്തനം സംബന്ധിച്ച് സംസ്ഥാന തലത്തിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കു പുറമെ ജില്ലയ്ക്കാവശ്യമായ ഇതര നിർദ്ദേശങ്ങൾ കൂട്ടിച്ചേർക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്.
അസി. കളക്ടർ സൂരജ് ഷാജി, ഡി പി എം ഡോ.സുജിത്ത് സുകുമാരൻ, എന്നിവർ കളക്ടറുടെ ചേംബറിലും ഡി എം ഒ ഡോ.എൻ.പ്രിയ, ഡെപ്യൂട്ടി ഡി എം ഒ ഡോ. സുരേഷ് വർഗീസ്, 108 ജില്ലാ കോഓർഡിനേറ്റർ അനീഷ് കുര്യൻ, കെ എം എസ് സി എൽ പ്രതിനിധി രാജീവ്, ഗതാഗത, പൊലീസ് വകുപ്പ് പ്രതിനിധികൾ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.
ജില്ലയിൽ
15 ആംബുലൻസുകൾ
ഗോൾഡൻ അവർ എന്ന ആദ്യ ഒരു മണിക്കൂറിനുള്ളിലാണ് 50ശതമാനത്തിലധികം മരണങ്ങളും സംഭവിക്കുന്നത്.
ഈ സാഹചര്യങ്ങളിൽ അടിയന്തിര മാനേജ്മെന്റ് സിസ്റ്റം എന്ന രീതിയിലാണ് സർക്കാർ കനിവ് 108 പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. സ്വകാര്യ പൊതു പങ്കാളിത്തത്തോടെ ഒരു വിദഗ്ദ്ധ സംഘടനയുടെ സേവനമാണ് ഇതിലൂടെ ലഭിക്കുന്നത്. കമ്പ്യൂട്ടർ ടെക്നോളജി ഇന്റിഗ്രേഷൻ, വോയിസ് ലോഗർ സിസ്റ്റം, ഭൂമിശാസ്ത്രപരമായ ജിയോഗ്രാഫിക് പൊസിഷനിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് വെഹിക്കിൾ ട്രാക്കിംഗ്, മൊബൈൽ കമ്മ്യൂണിക്കേഷൻ ടെക്നോളജി, തുടങ്ങി ആംബുലൻസിന്റെ തത്സമയ വിവരങ്ങൾ ലഭ്യമാകുന്ന രീതിയിൽ ക്രമീകരിച്ചിട്ടുള്ള നെറ്റ് വർക്കിലൂടെയാണ് ഇതിന്റെ പ്രവർത്തനം. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനാണ് പദ്ധതി നിർവ്വഹിച്ചത്.ടോൾ ഫ്രീ നമ്പർ 108ൽ വിളിച്ച് ആംബുലൻസ് സേവനം ലഭ്യമാക്കാം. ഇത്തരത്തിൽ കനിവ് 108 ന്റെ 15 ആംബുലൻസുകളാണ് ജില്ലയിലുള്ളത്.