SignIn
Kerala Kaumudi Online
Monday, 25 January 2021 7.13 AM IST

'ഈ ശരീരം ഇങ്ങനെ വെച്ചിരിക്കുന്നത് നാല് പേരെ കാണിക്കാനാണ്': മുഖ്യമന്ത്രിയുടെ കൈയ്യിൽ നിന്നും പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥന്റെ പെരുമാറ്റം ഇങ്ങനെ, പൊലീസ് അതിക്രമത്തിന്റെ മറ്റൊരു ഉദാഹരണം കൂടി

police

ആലപ്പുഴ: തിരുവനന്തപുരം നെയ്യാർ ഡാമിലെ പൊലീസ് സ്റ്റേഷനിലെ പരാതി നൽകാനായി എത്തിയ പരാതിക്കാരനെ മകളുടെ മുന്നിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ച സംഭവം വിവാദമാകുന്നതിനിടെ പൊലീസ് അധിക്ഷേപത്തിന്റെ മറ്റൊരു ഉദ്ദാഹരണം കൂടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

താനും തന്റെ സുഹൃത്തും കൂടി കാറിൽ യാത്ര ചെയ്യവേ പൊലീസിൽ നിന്നും നേരിട്ട അപമാനത്തെ കുറിച്ച് നൗജാസ് മുസ്തഫ എന്ന യുവാവാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി തുറന്നു പറയുന്നത്. തടഞ്ഞുനിർത്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴയടയ്ക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ നൗജാസും സുഹൃത്തും അത് ചെയ്യാൻ തുനിഞ്ഞു.

ഇതിനിടയിലാണ് ഒരു പൊലീസുകാരൻ ഷർട്ടിലെ ബട്ടൻസ് പൂർണമായും ഇടാതെ മാസ്കിന് പകരം കർച്ചീഫ് കൊണ്ട് മുഖം മറച്ചിരിക്കുന്നത് നൗജാസ് കണ്ടത്. എന്നാൽ ഇത് ചോദ്യം ചെയ്തപ്പോൾ അസഭ്യവും ഭീഷണിയുമായാണ് പൊലീസുകാരനിൽ നിന്നും ലഭിച്ചത്.

ശേഷം ജീപ്പിൽ ഇവരെ രണ്ടുപേരെയും പൊലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഒന്നര മണിക്കൂറോളം അപമാനിക്കുകയു ചെയ്‌തു. ജീപ്പിൽ വച്ചും അധിക്ഷേപിച്ചതിന് പുറമെയാണിതെന്നും നൗജാസ് ചൂണ്ടിക്കാണിച്ചു. സംഭവത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്ന് നൗജാസ് പറയുന്നു.

കുറിപ്പ് ചുവടെ:

'തിരുവനന്തപുരം നെയ്യാർ പോലീസ് സ്റ്റേഷനിൽ പരാതിക്കാരനോട് മോശമായി പെരുമാറിയ പോലീസ് ഓഫീസറുടെ വീഡിയോ കണ്ടത് കൊണ്ടും അതിന്മേൽ നടപടിയുണ്ടായത് കൊണ്ടും മാത്രം കുറിക്കുകയാണ്

ഈ കഴിഞ്ഞ പന്ത്രണ്ടാം തീയതി എനിക്കുണ്ടായ ഒരു ദുരനുഭവം , ഞാൻ എന്ന വ്യക്തിയെ അപമാനഭാരം കൊണ്ടും നിസ്സഹായത കൊണ്ടും ആത്മരോഷം കൊണ്ടും അടിമുടിയുലച്ച ഒരു ദുരനുഭവം ഞാൻ പങ്ക് വെക്കുകയാണ് . ബഹുമാനപ്പെട്ട കേരളാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് മേധാവി അന്വേഷണത്തിന് നിർദ്ദേശം നൽകുകയും ചെയ്തത് കൊണ്ടാണ് ഇത് വരെ നവമാധ്യമത്തിൽ ഞാനിത് പറയാതിരുന്നത്

ആലപ്പുഴയിൽ നിന്നും എന്റെ സ്വദേശത്തേക്ക് ഞാനും എന്റെ ഒരു സുഹൃത്തും കൂടി അദ്ദേഹത്തിന്റെ മാരുതി ആൾട്ടോ കാറിൽ സഞ്ചരിക്കുന്ന സമയം മാന്നാർ നായർ സമാജം സ്‌കൂളിന് സമീപത്തായി പോലീസിന്റെ വാഹനപരിശോധനയിൽ ഞങ്ങളെ കൈ കാണിച്ച് നിർത്തുകയുണ്ടായി. ഡ്രൈവറുടെ സമീപം ഇരുന്ന ഞാൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്ന കാരണം പറഞ്ഞ് വാഹനം കൈ കാണിച്ച ഹോം ഗാർഡ് ഞങ്ങളെ എസ്.ഐയുടെ സമീപത്തേക്ക് അയക്കുകയുണ്ടായി. ഞങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഇടതുവശത്തുള്ള സീറ്റ് ബെൽറ്റ് ഉപയോഗയോഗ്യമല്ലാത്തത് കൊണ്ടാണ് അത് ധരിക്കാതിരുന്നതെന്നും അത് പൊട്ടിയിരിക്കുകയാണ് എന്നും ഞങ്ങൾ സബ് ഇൻസ്പക്ടറോട് പറയുകയുണ്ടായി അതല്ലാതെ മനപ്പൂർവ്വം സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതല്ല എന്നും ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ നിയമപ്രകാരം അടക്കേണ്ട പിഴ അടക്കുവാൻ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. ഉപയോഗയോഗ്യമല്ലാത്ത സീറ്റ് ബെൽറ്റ് നന്നാക്കേണ്ട ചുമതല വാഹനം ഉപയോഗിക്കുന്നവർക്ക് തന്നെയാണെന്ന് അറിയുന്നത് കൊണ്ട് പിഴയടക്കുവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ആ സമയത്താണ് അവിടെ വാഹനപരിശോധന നടത്തിയിരുന്ന ഒരു സിവിൽ പോലീസ് ഓഫീസറുടെ വസ്ത്രധാരണം ഞാൻ ശ്രദ്ധിച്ചത്

യൂണിഫോമിന്റെ മുകളിലുള്ള ബട്ടൺ ധരിക്കാതെ, മുഖത്ത് ഒരു മാസ്ക് പോലും ധരിക്കാതെ തൂവാല കെട്ടി നിന്ന അദ്ദേഹത്തെ കണ്ടപ്പോൾ തൂവാല കെട്ടിപ്പോയി പോലീസ് പിഴയടപ്പിച്ച ദിവസവേതനക്കാരനായ എന്റെ ഒരു സുഹൃത്തിനെ എനിക്ക് ഓർമ്മ വന്നു. ഞാൻ എന്റെ ഫോണിൽ ആ സിവിൽ പോലീസ് ഓഫീസറുടെ ചിത്രം പകർത്തുകയുണ്ടായി. അത് കണ്ട സമയം വളരെ മോശമായി " നീ എന്തുവാടാ ***** ഫോട്ടോയെടുക്കുന്നതെന്ന് " ആ ഉദ്യോഗസ്ഥൻ എന്നോട് ചോദിക്കുകയുണ്ടായി. " സർ താങ്കൾ യൂണിഫോം ധരിച്ചിരിക്കുന്നത് മാന്യമായല്ലെന്നും ബട്ടൺ ഇട്ടിട്ടില്ലെന്നും മാസ്ക് ധരിച്ചിട്ടില്ലെന്നും " അദ്ദേഹത്തോട് ഞാൻ പറഞ്ഞപ്പോൾ ബട്ടൺ പൊട്ടിപ്പോയെന്ന് ആ ഉദ്യോഗസ്ഥൻ എന്നോട് പറയുകയുണ്ടായി. അത് പോലെ തന്നെയാണ് സർ സീറ്റ് ബെൽറ്റും പൊട്ടിയതാണെന്ന് ഞാൻ പറഞ്ഞപ്പോൾ മറുപടി കേട്ടാൽ അറക്കുന്ന അസഭ്യമായിരുന്നു

നീ ഒരു കാര്യം ചെയ്യ് ഞാൻ *** *** *** അതുകൂടി എടുക്കടാ **** എന്നുള്ള അയാളുടെ വാക്കുകളിൽ സംയമനം നഷ്ടപ്പെട്ട ഞാൻ ഒന്നും മിണ്ടാതെ കാറിലേക്ക് പോയി അതിനുള്ളിൽ കയറി ഇരിക്കുകയുണ്ടായി

വാഹനത്തിന്റെ മുഴുവൻ പേപ്പറുകളും കാണണം എന്നായി പിന്നീട് അവരുടെ ആവശ്യം, പേപ്പറുകൾ ഹാജരാക്കിയപ്പോൾ അതേ സിവിൽ പോലീസ് ഓഫീസർ തന്നെ എന്റെ സുഹൃത്തിനോട് " നിന്റെ ആ കൂട്ടുകാരനോട് വന്ന് കുറച്ച് ഫോട്ടോ കൂടി എടുക്കാൻ പറയടാ ഞാൻ നന്നായി നിന്നുകൊടുക്കാം " എന്ന് പറയുകയുണ്ടായി

അത് കേട്ട അവൻ അത് നിങ്ങൾ തന്നെ നേരിട്ട് അവനോട് പറഞ്ഞാൽ മതിയെന്ന് മറുപടി പറഞ്ഞപ്പോൾ ആ സിവിൽ പോലീസ് ഓഫീസർ ഉച്ചത്തിൽ അവനെ അസഭ്യം പറയുകയും കൈ ചൂണ്ടി സംസാരിക്കുകയും അടിക്കാൻ കൈ ഓങ്ങുകയും ചെയ്തു അത് മൊബൈലിൽ പകർത്താനായി അവിടേക്ക് ചെന്ന എന്റെ ഫോൺ ബലപ്രയോഗത്തിലൂടെ ആ സിവിൽ പോലീസ് ഉദ്യോഗസ്ഥനും അവിടെ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർമാരും നിയമവിരുദ്ധമായി പിടിച്ചുവാങ്ങി അവരുടെ കൈവശം വെക്കുകയുണ്ടായി

അതേ സമയം തന്നെ മാന്നാർ സ്റ്റേഷനിൽ നിന്നും മറ്റൊരു വാഹനത്തിൽ അവിടെയെത്തിയ പ്രിൻസിപ്പൽ എസ്.ഐയും പോലീസുകാരും കൂടി എന്റെ സുഹൃത്തിന്റെ ഫോണും പിടിച്ചുവാങ്ങുകയും ഞങ്ങളെ ബലമായി മാന്നാർ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു

പോലീസ് വാഹനത്തിനുള്ളിൽ വെച്ച് അങ്ങേയറ്റം അസഭ്യമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് അനന്ദം കണ്ടെത്തുകയായിരുന്നു അവർ

അതിനിടയിൽ മാന്യമായി യൂണിഫോം ധരിക്കാതെ മാസ്ക് ധരിക്കാതെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് ഇറങ്ങിയ സിവിൽ പോലീസ് ഓഫീസർ അയാളെ സ്വയം പരിചയപ്പെടുത്തി , അത് ഇങ്ങനെയായിരുന്നു

" എന്റെ പേര് സിദ്ധിഖുൽ അക്ബർ, ഞാൻ കഷ്ടപ്പെട്ട് ജോലിക്ക് കയറി ഈ ശരീരം ഇങ്ങനെ വെച്ചിരിക്കുന്നത് ****** നാല് പേരെ കാണിക്കാനാണ് നിനക്ക് എന്ത് ***** ചെയ്യാൻ പറ്റുന്നത് എന്ന് വെച്ചാൽ നീ ചെയ്യടാ , നീ എന്റെ ഡ്യുട്ടി തടസ്സപ്പെടുത്തിയതിന് നിന്നെ റിമാൻഡ് ചെയ്യാൻ പോവാണ് "

മാന്നാർ പോലീസ് സ്റ്റേഷനിൽ എത്തിച്ച ഞങ്ങളെ ഏതാണ്ട് ഒരു മണിക്കൂറോളം അസഭ്യം പറയുന്നത് തന്നെയായിരുന്നു ഈ സിദ്ധിഖ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ പ്രധാന വിനോദം..

അതിനിടയിൽ അയാൾ ജില്ലയിലെ ഏറ്റവും മികച്ച പോലീസുകാരനാണ് എന്നും ഈ കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥനാണ് എന്നും അയാൾ തന്നെയും പിന്നെ മറ്റു ചില ഉദ്യോഗസ്ഥരും ഞങ്ങളോട് പറയുകയുണ്ടായി

ഞങ്ങൾ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴയടക്കാൻ അവർക്ക് വകുപ്പുണ്ടെന്നും അവർ ബട്ടൺ ധരിച്ചില്ലെങ്കിൽ എന്ത് വകുപ്പാണ് നിനക്കൊക്കെയുള്ളതെന്നുമുള്ള സിദ്ധിഖിന്റെ ചോദ്യത്തിന് " ഒരു പോലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് ഇറങ്ങുമ്പോൾ മാന്യമായും കൃത്യമായും യൂണിഫോം ധരിക്കണം എന്നും അവരുടെ എന്ത് തരം നിയമപരമായ പ്രവൃത്തികളും പൗരന് പകർത്താം എന്നുള്ളതും കേരളാ പോലീസ് ആക്റ്റ് എന്ന് പേരുള്ള അവരുടെ തന്നെ നിയമം പറയുന്നതാണെന്ന് പറഞ്ഞ എന്നോട് നിന്നെപ്പോലെയുള്ള *******വൻമ്മാർക്ക് സർവീസ് ചെയ്യാനുള്ളതല്ല പോലീസ് എന്നായിരുന്നു അയാളുടെ മറുപടി കൂടാതെ എനിക്കിഷ്ടമുള്ളത് പോലെ വേണമെങ്കിൽ ****** ഞാൻ ഡ്യൂട്ടി ചെയ്യും നീ ചെയ്യാനുള്ളത് ചെയ്യടാ എന്നും അയാൾ വെല്ലുവിളിച്ചു

ഈ വെല്ലുവിളികൾ വിലയിടിക്കുന്നത് നിങ്ങളുടെ തന്നെയാണ് സർ എന്ന് പറഞ്ഞ എന്നോട് പുഴുത്ത തെറിയായിരുന്നു അയാളുടെ മറുപടി

ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ അവിടെയെത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർ പെരുമാറിയ സേനക്ക് തന്നെ അപമാനം ഉളവാക്കുന്ന തരത്തിലായിരുന്നു " പോലീസുകാരുടെ മുകളിലെ മാത്രം ആക്കണ്ടടാ ***** *****' എന്നുള്ള സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മറുപടിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച എന്നോട് ഇവന്മാർ കഞ്ചാവ് ആയിരിക്കും മെഡിക്കലെടുത്ത് റിമാൻഡ് വിട് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സ്റ്റേഷനുള്ളിലേക്ക് പോയി

ഏതാണ്ട് ഒന്നര മണിക്കൂർ ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ സ്റ്റേഷനിൽ നിർത്തി ആക്ഷേപിച്ച് അപമാനിച്ച് അനധികൃതവും നിയമനുസൃതമല്ലാതെയും ഫോണും കസ്റ്റഡിയിലെടുത്ത് ആനന്ദിച്ച മാന്നാർ പോലീസ് പിന്നീട് ഫോണും തന്ന് ഞങ്ങളെ പറഞ്ഞയിച്ചു ഒപ്പം ഇതാണ് കേരളാ പോലീസ് എന്നുള്ള കിണ്ണം കാച്ചിയ ഡയലോഗും

ഇനി പറയാനുള്ളത് പൊതുവായാണ്..

മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ച ഉദ്യോഗസ്ഥന്റെ പെരുമാറ്റം ഇങ്ങനെയാണെങ്കിൽ, ഒരു സ്റ്റേഷന്റെ പരമാധികാരിയായ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പെരുമാറ്റം ഇങ്ങനെയാണ് എങ്കിൽ ഞങ്ങളെ മർദ്ദിക്കാതിരുന്നത് അവരുടെ ഔദാര്യം എന്നെ എനിക്കിപ്പോൾ തോന്നുന്നുള്ളു

നാളെ ചെങ്ങന്നൂർ dysp മുൻപാകെ സ്റ്റേറ്റ്മെന്റ് കൊടുക്കാൻ അറിയിച്ചിട്ടുണ്ട്.. ബാക്കി പിന്നാലെ'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POLICE ATROCITY, KERALA, INDIA, ALAPUZHA, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.