മുംബയ്: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ബാന്ദ്രയിലെ ബംഗ്ലാവിന്റെ ഒരുഭാഗം ഇടിച്ചു നിരത്തിയ മുംബയ് കോർപ്പറേഷൻ നടപടി ബോംബെ ഹൈക്കോടതി അസാധുവാക്കി. ഇടിച്ചുനിരത്തൽ ദുരുദ്ദേശ്യപരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കങ്കണയ്ക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. തുക കണക്കാക്കാൻ ഒരു സമിതിയെയും നിയമിച്ചു.
കങ്കണയുടെ ബംഗ്ലാവിന്റെ ഭാഗമായുള്ള അവരുടെ ചലച്ചിത്ര നിർമ്മാണ കമ്പനി മണികർണിക ഫിലിംസിന്റെ ഓഫീസ് അനധികൃത നിർമ്മാണമാണെന്ന് ആരോപിച്ച് സെപ്തംബറിലാണ് കോർപ്പറേഷൻ ജെ.സി. ബി ഉപയോഗിച്ച് ഇടിച്ചത്. അതിനെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ നടക്കുന്ന അനധികൃത നിർമ്മാണങ്ങൾ തടയാനുള്ള നിയമം കങ്കണയ്ക്കെതിരെ പ്രയോഗിച്ചത് ദുഷ്ടലാക്കോടെയും നിയമനടപടികൾ തടയാനുമാണെന്നും കോടതി വിമർശിച്ചു.
അതേസമയം, സംസ്ഥാനത്തെ സ്ഥിതിഗതികളെ പറ്റിയുള്ള കങ്കണയുടെ പ്രസ്താവനകൾ അംഗീകരിക്കുന്നില്ലെന്നും കങ്കണ സ്വയം നിയന്ത്രിക്കണമെന്നും കോടതി പറഞ്ഞു.
ഓഫീസ് പൊളിക്കാൻ കോർപ്പറേഷൻ സെപ്തംബർ 7ന് നൽകിയ നോട്ടീസും, 9ന് പുറപ്പെടുവിച്ച ഉത്തരവും കോടതി അസാധുവാക്കി.
കോടതി നിർദ്ദേശങ്ങൾ
പൊളിച്ച ഭാഗങ്ങൾ കങ്കണയ്ക്ക് നിർദ്ദിഷ്ട പ്ലാൻ അനുസരിച്ച് പുനർനിർമ്മിക്കാം. ഇതിനായി കോർപ്പറേഷന് അപേക്ഷ നൽകണം. അതിൽ ഒരാഴ്ചയ്ക്കകം തീരുമാനം എടുക്കണം.
ശിവസേനയെ പ്രകോപിപ്പിച്ചു
ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണത്തിൽ തുടങ്ങി കങ്കണ നടത്തിയ വിമർശനങ്ങളും ശിവസേന ഭരണകൂടത്തെയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രകോപിപ്പിച്ചതാണ് ഇടിച്ചു നിരത്തലിൽ കലാശിച്ചത്. മുംബയ് അധിനിവേശ കാശ്മീർ പോലെയാണെന്നു വരെ കങ്കണ പറഞ്ഞിരുന്നു.