കൊച്ചി : ഇസ്രയേലിൽ കഴിയുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിക്ക് മാവേലിക്കര കുടുംബക്കോടതിയിലെ വിവാഹമോചനക്കേസിൽ വീഡിയോ കോൺഫറൻസിംഗ് മുഖേന പങ്കെടുക്കാൻ ഹൈക്കോടതി അനുമതി നൽകി. വിചാരണയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയില്ലെന്നും നടപടികൾ വൈകുന്നതു തടയാൻ വീഡിയോ കോൺഫറൻസിംഗ് അനുവദിക്കണമെന്നുമുള്ള യുവതിയുടെ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. ഒരുമാസത്തിനകം തീർപ്പാക്കാനും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് യുവതി കുടുംബകോടതിയെ സമീപിച്ചിരുന്നു. കൊവിഡ് സാഹചര്യമായതിനാൽ കുഞ്ഞിനൊപ്പം നാട്ടിലെത്താൻ കഴിയില്ലെന്നും ഹർജിയിൽ വ്യക്തമാക്കി. ഇതിൽ തീരുമാനം ഉണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2010 ലാണ് യുവതി വിവാഹിതയായത്.