കൊച്ചി: പ്രതിസന്ധികളെ നേരിട്ട വിജയമാണ് ഗോപി കോട്ടമുറിക്കൽ എന്ന ഉറച്ച കമ്മ്യൂണിസ്റ്റിനെ കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റ് പദവിയിലെത്തിച്ചത്. ദരിദ്രകുടുംബത്തിൽ ജനിച്ച അദ്ദേഹം ഉയർന്ന സ്ഥാനങ്ങൾ കൈവരിക്കുമ്പോഴും എളിമ നിലനിറുത്തുന്ന ജനകീയ നേതാവാണ്.
മൂവാറ്റുപുഴ കോട്ടമുറിക്കൽ നീലകണ്ഠൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ് ഗോപി. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ മർദ്ദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ : ശാന്ത ഗോപി. മകൻ : അജേഷ് കോട്ടമുറിക്കൽ. മരുമകൾ : വിദ്യ.
1968ൽ സ്റ്റുഡന്റ്സ് മൂവ്മെന്റിലൂടെയാണ് പൊതുരംഗത്തെത്തിയത്. ട്രാൻസ്പോർട്ട് സമരത്തിൽ പങ്കെടുത്ത് പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിനിരയായി. ഇതോടെ വീട്ടിൽ നിന്ന് പുറത്തായി. എട്ടുവർഷം പാർട്ടി ഓഫീസ് വരാന്തയിലെ ബെഞ്ചിലാണ് കഴിഞ്ഞത്.
സി.പി.എമ്മിന്റെ മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച് കമ്മിറ്റിയിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1970ൽ എസ്.എഫ്.ഐ രൂപീകരണകാലത്ത് മൂവാറ്റുപുഴ താലൂക്ക് സെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യ കേന്ദ്ര കമ്മിറ്റിയിൽ അംഗമായി. 1972ൽ ടൗൺ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായി. 1973ൽ മൂവാറ്റുപുഴ മുനിസിപ്പൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മണ്ഡലം കമ്മിറ്റിയംഗവുമായി. 1982ൽ ജില്ലാ കമ്മിറ്റി അംഗം. 1985ൽ കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയായും സംസ്ഥാനസമിതി അംഗവുമായി. 1987ൽ പിറവത്തു നിന്ന് നിയമസഭാ അംഗമായി. എ.പി. വർക്കിയുടെ നിര്യാണത്തോടെ സി.പി.എം ജില്ലാ സെക്രട്ടറിയായി. വിവാദങ്ങളെത്തുടർന്ന് 2012 ജൂണിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി.
നടപടിക്ക് വിധേയനായെങ്കിലും പാർട്ടിയോടുള്ള കൂറും വിശ്വാസ്യതയും അദ്ദേഹം കൈവിട്ടില്ല. 2014 ജനുവരിയിൽ അദ്ദേഹത്തെ പാർട്ടി തിരിച്ചെടുത്തു. സി.പി.എം സംസ്ഥാന സമിതിയംഗം, കർഷകസംഘം സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ ചെയർമാനെന്ന നിലയിലാണ് കേരള ബാങ്ക് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നാക്കവികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം, ഖാദി ബോർഡ് വൈസ് ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.