ആറ്റിങ്ങൽ: സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ എതിർപാർട്ടിയിലുള്ളവരും സാമൂഹ്യവിരുദ്ധരും നശിപ്പിക്കുന്നത് പതിവാണ്. ആറ്റിങ്ങലും സമീപ പഞ്ചായത്തുകളിലും ഇത്തവണയും അതിന് കുറവില്ല. സംഭവം പതിവായതോടെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് ഇത്തരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർത്ഥികളും പാർട്ടിക്കാരും. പക്ഷേ, കിണഞ്ഞ് പരിശ്രമിച്ചിട്ടും ഒരു തെളിവും ലഭിച്ചില്ല. ഒടുവിൽ കാത്തിരുന്ന് കണ്ടു പിടിക്കാൻതന്നെ ചിലർ തീരുമാനിച്ചു. പുതിയതായി ഒട്ടിക്കുന്ന പോസ്റ്ററുകളാണ് കൂടുതൽ നശിപ്പിക്കുന്നതെന്ന് മനസിലായതോടെ അന്വേഷണം ആ വഴിക്ക് തിരിഞ്ഞു. ഒടുവിലാണ് പോസ്റ്റർ നശിപ്പിക്കുന്ന വിരുതന്മാരെ കൈയോടെ പിടികൂടി. ആഫ്രിക്കൻ ഒച്ചുകളാണ് ഇതിനു പിന്നിലെന്ന് അറിഞ്ഞതോടെ തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും അറുതിയായിരിക്കുകയാണ്.
എന്താണ് പരിഹാരം
പോസ്റ്റർ പതിച്ച് ഒരു മണിക്കൂറിനുള്ളിൽ അവ ഒച്ചുകൾ പറ്റമായി വന്ന് നശിപ്പിക്കുകയാണ്. രാത്രിയിൽ ഒട്ടിച്ച പോസ്റ്ററുകൾ രാവിലെയാകുമ്പോൾ പൊടിപോലും കാണില്ല. മൈദമാവ് ഉപയോഗിച്ച് ഒട്ടിക്കുന്ന പോസ്റ്ററുകളാണ് പെട്ടെന്ന് അപ്രത്യക്ഷമാകുന്നത്. . നൂറുകണക്കിന് ഒച്ചുകളാണ് പോസ്റ്ററുകളിൽ പൊതിയുന്നത്. ഇതോടെ എന്തു ചെയ്യണമെന്നറിയാത്ത ആശയക്കുഴപ്പത്തിലാണ് എല്ലാവരും. ഉപ്പ് വിതറിയാൽ ഇവയുടെ ആക്രമണം കുറയുമെന്നാണ് പറയുന്നത്. എന്നാൽ അത് പ്രായോഗികമല്ലാത്തതിനാൽ മറ്റുവഴികൾ തേടേണ്ടിവരും.