മുംബയ് : നടി കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിച്ച് നീക്കിയത് മുംബയ് കോർപറേഷന്റെ പ്രതികാര നടപടിയാണെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണം തള്ളി മുംബയ് മേയർ കിഷോരി പെഡ്നെകർ.
' നടപടി സ്വീകരിക്കേണ്ട സാഹചര്യമായതിനാലാണ് അങ്ങനെ ചെയ്തത്. വ്യക്തിപരമായിട്ട് അവർ ( കങ്കണ ) ആരാണെന്ന് പോലും എനിക്കറിയില്ല. സമയമില്ലാത്തതിനാൽ അവരുടെ സിനിമകളൊന്നും ഞാൻ കണ്ടിട്ടുമില്ല. ' അതുകൊണ്ട് പ്രതികാര നടപടിയെന്ന വാദങ്ങൾക്ക് പ്രസക്തിയില്ലെന്നും കെട്ടിടം പൊളിച്ചത് നിയമലംഘനം നടന്നതിനാലാണെന്നും കിഷോരി പറഞ്ഞു.
കെട്ടിടം പൊളിച്ച് നീക്കിയതിന് പിന്നാലെ മേയറുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കങ്കണ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പ്രകാരം കോടതി മുംബയ് കോർപ്പറേഷന് നോട്ടീസ് അയക്കുകയും നഷ്ടപരിഹാരം കണക്കാക്കി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.