കൊച്ചി: കാലത്തിനനുസരിച്ച് തിരഞ്ഞെടുപ്പ് തന്ത്രങ്ങളും മാറുകയാണ്. പേഴ്സിലൊരു പാസ്പോർട്ട് സൈസ് ഫോട്ടോയുമായി പോസ്റ്റർ ഡിസൈൻ ചെയ്യാൻ സ്ഥാനാർത്ഥിയെത്തിയിരുന്ന കാലം കഴിഞ്ഞു. ഇപ്പോൾ സ്ഥാനാർത്ഥികൾക്ക് വേണ്ടത് ഹൈടെക് ഗ്രാഫിക് ഡിസൈൻ പോസ്റ്ററുകളും വീഡിയോകളും ! കൊവിഡ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായതോടെയാണ് ഈ അടിമുടി മാറ്റം.
ആകെ കളർഫുൾ
വെള്ളപ്രതലത്തിൽ ചിരിതൂകി നിൽക്കുന്ന പോസ്റ്ററുകൾ ഇക്കുറി സ്ഥാനാർത്ഥിയ്ക്ക് വേണ്ട. പകരം കളർഫുള്ളാണം. ഇതിനായി സ്ഥാനാർത്ഥികളും വേഷത്തിൽ കളൾഫുള്ളാകാനും റെഡിയാണ്. ഇക്കാര്യത്തിൽ പ്രായവ്യത്യാസമൊന്നുമില്ല. യുവാക്കൾ ട്രെൻഡ് ഏറ്റെടുത്തതോടെ പുറകെ മുതിർന്ന നേതാക്കളും ഏറ്റുപിടിച്ചു. സ്ഥാനാർത്ഥികളുടെ ആദ്യ ഫസ്റ്റ് ലുക്ക് പോസ്റ്ററുളിൽ തന്നെ വ്യത്യാസം പ്രകടമാണ്. രണ്ടാം ഘട്ടമായാണ് ഇൻഡോർ ഷൂട്ടുകളിലുള്ള പോസ്റ്ററുകൾ എത്തുന്നത്. സ്ഥാനാർത്ഥികൾക്ക് ഇഷ്ടപ്പെട്ട വാർഡ് പരിധിയിലെ സ്ഥലങ്ങളാവും ഇതിനായി തിരഞ്ഞെടുക്കുക. ഒപ്പം വോട്ടർമാരുടെ അകമ്പടി കൂടിയാവുന്നതോടെ പ്രചാര പരിപാടി കൊഴുക്കും. ഗൃഹസന്ദർശനങ്ങൾ, ചെറുയോഗങ്ങൾ, കുടുംബയോഗങ്ങൾ എല്ലായിടത്തും ഓടിയെത്തുന്ന സ്ഥാനാർത്ഥിയെയാണ് ഔട്ട്ഡോർ പോസ്റ്ററുകളിൽ കാണാക്കുക.
സ്ഥാനാർത്ഥികളെ തൊട്ടറിയാൻ വിദ്യ
കൊവിഡ് ഭീതിയില്ലാതെ വോട്ടർമാർക്കിനി സ്ഥാനാർത്ഥിയെ തൊട്ടറിയാൻ ഇന്ററാക്ടിവ് ഡിജിറ്റൽ പോസ്റ്ററുകളാണ് ഇത്തവണ തിരഞ്ഞെടുപ്പിലെ പുതിയ ട്രെൻഡ്. വാട്സാപ്പിലെത്തുന്ന പോസ്റ്ററിൽ തൊട്ടാൽ സ്ഥാനാർത്ഥിയുടെ വിവരങ്ങൾ വിരൽതുമ്പിലെത്തുമെന്ന് കൊച്ചി പനമ്പിള്ളി നഗർ സോഷ്യോ ലോജിക് മീഡിയയിലെ അനൂപ് രാധാകൃഷ്ണൻ പറയുന്നു. വാട്സാപ്പിലെത്തുന്ന പോസ്റ്ററിൽ ഒന്ന് ക്ലിക്ക് ചെയ്താൽ സ്ഥാനാർത്ഥിയുടെ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലേക്ക് കടക്കാം. സമൂഹമാദ്ധ്യമങ്ങളിൽ സജീവമല്ലാത്ത സ്ഥാനാർത്ഥികൾക്ക് താൽക്കാലികമായി മിനി വെബ് സൈറ്റും തയ്യാറാക്കുന്നുണ്ട്. അവസാന വട്ട പ്രചാരണത്തിനാണ് പുതിയ ഡിജിറ്റൽ തന്ത്രം മുന്നണികൾ ഉപയോഗപ്പെടുത്താനൊരുങ്ങുന്നത്.
30 മിനിറ്റ് ഗ്രാഫിക് വീഡിയോകൾ
വാട്സ് ആപ്പ്, ഫേസ്ബുക്ക് എന്നിവയിൽ സ്റ്റാറ്റസ് ആയി ഉപയോഗിക്കാൻ കഴിയുന്ന 30 മിനിറ്റ് ഗ്രാഫിക് വീഡിയോകളാണ് സ്ഥാനാർത്ഥികളുടെ മറ്റൊരു ആവശ്യം. വെർച്വൽ അനൗൺസ്മെന്റ് വാഹനം, സ്ഥാനാർത്ഥിയെ കുറിച്ച് വിവരങ്ങൾ നൽകുന്ന ചെറു വീഡിയോ,സ്ഥാനാർത്ഥികളുടെ അഭ്യർത്ഥന, സിറ്റിംഗ് അംഗങ്ങൾ ചെയ്ത കാര്യങ്ങളും ചെയ്യാൻ ഉദ്ദേശിക്കുന്നവയും വ്യക്തമാക്കുന്ന പ്രകടന പത്രിക, നടത്തിയ വികസനങ്ങൾ, നാട്ടുകാരുടെ പ്രതികരണം ഉൾപ്പെടുത്തി തയ്യാറാക്കുന്ന വീഡിയോ എന്നിവയൊക്കെയാണ് പാക്കേജായി തയ്യാറാക്കി നൽകുന്നത്.