രാജ്യത്തെ മൂന്ന് സർക്കാർ ആശുപത്രികളിലെ അനാസ്ഥയുടെ ഞെട്ടിക്കുന്ന മൂന്ന് സംഭവങ്ങൾ ഇന്നലെ പുറത്തുവന്നു. ഗുജറാത്തിലെ രാജ്കോട്ടിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറു രോഗികളാണ് വെന്തു മരിച്ചത്. ആഗസ്റ്റിൽ അഹമ്മദാബാദിൽ സമാന സംഭവത്തിൽ എട്ട് കൊവിഡ് രോഗികൾ അഗ്നിക്കിരയായിരുന്നു. ദുരന്തം ആവർത്തിച്ചതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി സ്വമേധയാ കേസെടുത്തു.
ഉത്തർപ്രദേശിലെ സംഭാൽ ജില്ലാ ആശുപത്രിയിലെ വരാന്തയിൽ അനാഥമായി കിടത്തിയിരുന്ന പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചതാണ് രണ്ടാമത്തെ സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതു കൊണ്ടു മാത്രമാണ് പുറംലോകമറിഞ്ഞത്. അനാസ്ഥ വീട്ടുകാരുടെ മേൽ കെട്ടിവച്ചു തലയൂരാനാണ് അധികൃതരുടെ ശ്രമം.
മൂന്നാമത്തെ സംഭവം നമ്മുടെ കേരളത്തിൽ, തലസ്ഥാന നഗരത്തിലെ തൈക്കാട് സ്ത്രീകളുടെ ആശുപത്രിയിൽ ഗർഭിണിയോടു കാണിച്ച കൊടുംക്രൂരതയാണ്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വലിയതുറ സ്വദേശി റിയാസിന്റെ ഭാര്യ അൽഫിന അലിയുടെ വയറിനുള്ളിൽ പഞ്ഞി വച്ച് തുന്നിക്കെട്ടി വിട്ടയച്ചു. ആന്തരികാവയവങ്ങളിൽ പഴുപ്പും നീരും കെട്ടി അവശ നിലയിലായ അൽഫിനയെ എസ്.എ.ടി ആശുപത്രിയിൽ വീണ്ടും രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആരോഗ്യ സ്ഥിതി തൃപ്തികരമായിട്ടില്ല.
സിസേറിയനിടെ പഞ്ഞി തുന്നിക്കെട്ടി; വേദന വന്നപ്പോൾ ഗ്യാസിനു മരുന്ന്
സംഭവം തൈക്കാട് ആശുപത്രിയിൽ
തിരുവനന്തപുരം: സെപ്തംബർ ഒന്നിനാണ് രണ്ടാമത്തെ പ്രസവത്തിനായി അൽഫിനയെ (23) തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 4ന് സിസേറിയൻ നടത്തി. പിന്നാലെ വയറുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതോടെ ഡോക്ടറെ അറിയിച്ചെങ്കിലും ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മരുന്ന് നൽകി. 9ന് ഡിസ്ചാർജായി വീട്ടിലെത്തിയെങ്കിലും വയറുവേദന ശമിച്ചില്ല. ഒരാഴ്ച ആയപ്പോഴേക്കും എഴുന്നേറ്റിരിക്കാൻ പറ്റാത്ത സ്ഥതിയായി. ഫോർട്ട് താലൂക്ക് ആശുപത്രിയിലെ സ്കാനിംഗിലാണ് വയറിനുള്ളിൽ പഞ്ഞിയും അണുബാധയും കണ്ടെത്തിയത്.
എസ്.എ.ടി അശുപത്രിയിൽ കീഹോൾ ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഓപ്പൺ സർജറി നടത്തി ഇവ നീക്കം ചെയ്യുകയായിരുന്നു. തൈക്കാട് ആശുപത്രിയിലെത്തി അറിയിച്ചപ്പോൾ തെളിവുമായി വരാൻ പറഞ്ഞെന്നും വേറെ ആശുപത്രിയിൽ പോയതിന് കയർത്തെന്നും അൽഫിനയുടെ പിതാവ് അലി ആരോപിച്ചു.
19 ദിവസത്തിനുള്ളിൽ മൂന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ അൽഫിനയ്ക്ക് ശ്വാസമെടുക്കുന്നതിനും ആഹാരം കഴിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. വയറുവേദന മാറിയിട്ടില്ല. വർഷങ്ങളോളം ചികിത്സ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതായും കുടുംബം പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡി.എം.ഒ റിപ്പോർട്ട് തേടി
സംഭവത്തിൽ ഡി.എം.ഒ റിപ്പോർട്ട് തേടി. ആരും പരാതി നൽകിയിട്ടില്ലെന്നും പ്രാഥമികാന്വേഷണം നടത്തിയെന്നും തൈക്കാട് ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജെയിംസ് പറഞ്ഞു. റിപ്പോർട്ട് ഉടൻ ഡി.എം.ഒയ്ക്ക് സമർപ്പിക്കും. എസ്.എ.ടി ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടും പരിശോധിക്കും.
ഐ.സി.യുവിൽ ആറു കൊവിഡ് രോഗികൾ വെന്തൊടുങ്ങി
ഗാന്ധിനഗർ: രാജ്കോട്ടിലെ ശിവാനന്ദ് ജനറൽ ആൻഡ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഐ.സി.യുവിലാണ് ഇന്നലെ പുലർച്ചെ ആദ്യം തീപിടിത്തമുണ്ടായത്. 11 കൊവിഡ് രോഗികൾ ഐ.സി.യുവിൽ ഉണ്ടായിരുന്നു. അഞ്ചുപേർ തത്ക്ഷണവും ഒരാൾ പിന്നീടുമാണ് മരിച്ചത്. 33 കൊവിഡ് രോഗികളാണ് ആകെയുണ്ടായിരുന്നത്. അഗ്നിരക്ഷാ സേന 27 പേരെ രക്ഷപ്പെടുത്തി. പലർക്കും സാരമായി പൊള്ളലേറ്റു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അനുശോചിച്ചു.
സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
സ്വമേധയാ കേസെടുത്ത സുപ്രീംകോടതി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഗുജറാത്ത് സർക്കാരിനോട് നിർദേശിച്ചു. സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാരുകൾ ജാഗ്രത പാലിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ വിമർശനം. കേസ് ചൊവ്വാഴ്ച പരിഗണിക്കും.
മൃതദേഹം വരാന്തയിൽ; ഭക്ഷിക്കാൻ നായ
സംഭാൽ: റോഡപകടത്തിൽ പരിക്കേറ്റ് കൊണ്ടുവന്ന പെൺകുട്ടിയുടെ മൃതദേഹമാണ് സംഭാൽ ജില്ലാ ആശുപത്രിയിൽ തെരുവുനായ കടിച്ചുവലിച്ചത്. ആരോ പകർത്തിയ 20 സെക്കന്റുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വ്യാപക പ്രതിഷേധം ഉയരുകയാണ്. ഒന്നര മണിക്കൂറോളം മൃതദേഹം അനാഥമായി കിടത്തിയെന്ന് പെൺകുട്ടിയുടെ പിതാവ് ചരൺസിംഗ് പറഞ്ഞു. എന്നാൽ, പെൺകുട്ടിയുടെ ബന്ധുക്കളെയാണ് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. സുശീൽ വർമ്മ കുറ്റപ്പെടുത്തുന്നത്. വീട്ടുകാർ പോസ്റ്റുമോർട്ടം വേണ്ടെന്ന് പറഞ്ഞതിനാൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം കൈമാറിയെന്നും അവരുടെ ശ്രദ്ധ മാറിയപ്പോഴാണ് സംഭവം നടന്നതെന്നും പറയുന്നു. തൂപ്പുകാരനെയും വാർഡ് ബോയിയെയും സസ്പെൻഡ് ചെയ്തു.