കോലഞ്ചേരി: നാടും നഗരവും ഇളക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചരണം ഇക്കുറിയുമുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിലേക്ക് മാറ്റിയെന്ന് മാത്രം. കാരണം കൊവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശപ്പോരിന്റെ ചൂടും ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം അവിടെയാണല്ലോ. പ്രാദേശിക നേതാക്കൾ മുതൽ അണികൾ വരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ മുന്നണിക്ക് വോട്ടുറപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇവരോടാണ്. ലൈക്കും കമന്റും കൊള്ളാം. എന്നാൽ അതിര് വിട്ടാൽ അകത്താകും !
സമൂഹ മാദ്ധ്യമങ്ങൾ വഴി സ്ഥാനാർത്ഥികൾക്കെതിരെ അപവാദ പ്രചാരണം നടത്തുന്ന സംഭവങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ജില്ലയിലും പൊലീസ് ഒരുങ്ങി. സ്ഥാനാർത്ഥികളുടെ പ്രചാരണ ചിത്രങ്ങളും, സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങൾ ഉപയോഗിച്ചും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് കർശന നടപടിക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയത്. ജില്ലയിൽ ഇതുവരെ അത്തരത്തിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല. സ്ഥാനാർത്ഥികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കാം. ഐ.ടി ആക്ടിന് പുറമേ ഐ.പി.സി വകുപ്പുകളും ചുമത്തിയാണ് കേസ് എടുക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ, ചിത്രങ്ങൾ ദുരുപയോഗം ചെയ്യൽ തുടങ്ങിയവയെല്ലാം കേസിന്റെ പരിധിയിൽ വരും. പ്രശ്നമായാൽ പോസ്റ്റ് ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാമെന്ന് കരുതേണ്ട. തെളിവുകൾ പൊക്കിയെടുക്കാൻ സംവിധാനങ്ങൾ ഒരുക്കിയാണ് പൊലീസിന്റെ കാത്തിരിപ്പ്. എതിർ സ്ഥാനാർത്ഥികൾക്ക് പാര പണിതാൽ കയ്യിൽ വീഴുന്നത് വോട്ട് മഷിക്ക് പകരം വിലങ്ങാവും. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവനുസരിച്ച്, ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കർശന നടപടിയെടുക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിനോട് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.