2,747 രോഗികളെക്കൂടി കണ്ടെത്തി
കൊച്ചി: കൊവിഡ് ബാധിച്ച ക്ഷയരോഗമുക്ത കേരളം പദ്ധതിയ്ക്ക് പുതുജീവൻ. പദ്ധതിയുടെ മൂന്നാം ഘട്ടമായ അക്ഷയ കേരളം പരിപാടിയിലൂടെ കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 2,747 പുതിയ രോഗബാധിതരെ കണ്ടെത്തി. ഇവർക്ക് ചികിത്സ നൽകിവരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഉണ്ടായ രോഗബാധാ നിർണയത്തിലെ കുറവ് പരിഹരിക്കാനാണ് അക്ഷയ കേരളം പരിപാടി നടപ്പാക്കിയത്. സർക്കാർ സംവിധാനങ്ങളിലൂടെ നടത്തിയ പരിശോധനയിൽ 1,919 പേരെയും സ്വകാര്യ മേഖലയിൽ നിന്ന് 828 പേരെയുമാണ് കണ്ടെത്തിയത്.
ആരോഗ്യ വകുപ്പിന്റെ നിഗമനപ്രകാരം 1,500 രോഗബാധിതർ കൂടിയുണ്ട്. ക്ഷയരോഗബാധിതരെ കണ്ടെത്തുന്നതിന് കഴിഞ്ഞ മാസം രണ്ടിനാണ് പദ്ധതി ആരംഭിച്ചത്. കൊവിഡിനൊപ്പം ക്ഷയരോഗ പരിശോധന കൂടി ആരംഭിക്കുകയും വീടുകളിലെത്തി സാമ്പിളുകൾ ശേഖരിക്കുകയുമാണ് ചെയ്യുന്നത്. കേന്ദ്ര ടി.ബി ഡിവിഷന്റെ കണക്കുകൾ പ്രകാരം തിരുവനന്തപുരത്താണ് കൂടുതൽ രോഗബാധിതർ. 338 പേർ. എറണാകുളം 320, കോഴിക്കോട് 242 എന്നീ ജില്ലകളാണ് തൊട്ട് പിന്നിൽ. മാർച്ച് മുതൽ ആറു മാസത്തിനിടെ 12,592 ക്ഷയരോഗ ബാധിതരെയാണ് സംസ്ഥാനത്ത് കണ്ടെത്താനായത്. കഴിഞ്ഞവർഷം ഇത് 17,324 ആയിരുന്നു. സെപ്തംബറിൽ 1495, ആഗസ്റ്റിൽ 1,277, ജൂലായിൽ 1,541 എന്നിങ്ങനെയാണ് രോഗ നിരക്ക്. ജനുവരിയിൽ 2,338 പേരിൽ ക്ഷയം കണ്ടെത്തി.
ഒക്ടോബർ, നവംബർ മാസം കണ്ടെത്തിയ രോഗികളുടെ കണക്ക്
ജില്ല, സർക്കാർ മേഖല, സ്വകാര്യ മേഖല
ആലപ്പുഴ-105 -28
എറണാകുളം: 180-140
ഇടുക്കി: 49- 16
കണ്ണൂർ: 151-58
കാസർകോട്: 61-10
കൊല്ലം:119- 41
കോട്ടയം:132 - 92
കോഴക്കോട് :150-172
മലപ്പുറം:191 -52
പാലക്കാട് :155-45
പത്തനം തിട്ട: 93-20
തിരുവനന്തപുരം: 296-42
തൃശൂർ: 175- 93
വയനാട്: 62-19
ആകെ: 1919- 828
സെപ്തംബർ വരെ 968 മരണം
ക്ഷയരോഗത്തിന് ചികിത്സയിലിരുന്ന 968 പേരാണ് ഈവർഷം മരിച്ചത്. 251 പേർക്ക് കടുത്ത ക്ഷയമായിരുന്നു. മറ്റുള്ളവർക്ക് അനുബന്ധരോഗങ്ങളും മരണകാരണമായി. സംസ്ഥാന ടി.ബി. സെല്ലിന്റെ ജനുവരി മുതൽ സെപ്തംബർ വരെയുള്ള കണക്കാണിത്. മരിച്ചവരിൽ 216 പേർ സ്വകാര്യ ആശുപത്രികളിലെ രോഗികളാണ്. ക്ഷരോഗവും കൊവിഡും ഒരേസമയം സ്ഥിരീകരിച്ച 41 പേരിൽ ആറുപേർ മരിച്ചു.