പൂച്ചാക്കൽ ഡിവിഷൻ
എങ്ങനൊക്കെ പിടിച്ചാലും ഇടത്തോട്ടു മാത്രം ചായുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് പൂച്ചാക്കൽ. ഇക്കുറി വനിതാ സംവരണമാണ്. മൂന്ന് തവണ സി.പി.എം വിജയിച്ചു. രണ്ട് പ്രാവശ്യം സി.പി.ഐയും.സ്വാഭാവികമായും പരമ്പരാഗതമായ ഈ സ്വാധീനത്തിന്റെ ഒരു ആത്മവിശ്വാസം ഇടതുപക്ഷത്തിനുണ്ട്. എന്നാൽ ഇനിയങ്ങു വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന മട്ടിലാണ് യു.ഡി.എഫ് പോരിനിറങ്ങിയിരിക്കുന്നത്. രണ്ട് മുന്നണികളെയും വെള്ളം കുടിപ്പിക്കാനുള്ള ശ്രമം എൻ.ഡി.എയും നടത്തുന്നു.95 ലും 2000 ലും സി.പി.ഐ പ്രതിനിധികളായ രമാബാലകൃഷ്ണനും ഡി.സുരേഷ് ബാബുവുമാണ് യഥാക്രമം വിജയം കണ്ടത്. അടുത്തത് സി.പി.എം ഊഴം.2005-ൽ എൻ.ആർ ബാബുരാജ്,2010-ൽ നിർമ്മല ശെൽവരാജ്,2015-ൽ പി.എം.പ്രമോദ് എന്നിവരിലൂടെ സി.പി.എം വിജയം ആവർത്തിച്ചു.
ഡിവിഷൻ ഘടന
പെരുമ്പളം, അരൂക്കുറ്രി,പാണാവള്ളി ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ 8,10 ഒഴികെയുള്ള വാർഡുകളും ഉൾപ്പെടെ 59 വാർഡുകൾ ചേർന്നതാണ് പൂച്ചാക്കൽ ഡിവിഷൻ.
മുന്നണി സ്ഥാനാർത്ഥികൾ
ബിനിത പ്രമോദ് (എൽ.ഡി.എഫ്)
അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ മുൻ വൈസ് പ്രസിഡന്റ്.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ജനാധിപത്യ മഹിളാ അസോസിയേഷൻ അരൂക്കുറ്റി മേഖലാ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്.
റജീന സലിം(യു.ഡി.എഫ്)
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ പാണാവള്ളി മേഖല പ്രസിഡന്റ്,കർഷക കോൺഗ്രസ് അംഗം.
ശ്രീദേവി വിപിൻ
ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി . യുവമോർച്ച സംസ്ഥാന സമിതി അംഗമായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
പി.എം.പ്രമോദ്(സി.പി.എം)...............20,464
ഇ.കെ.കുഞ്ഞപ്പൻ(കോൺ).............19,108
സി.മിഥുൻലാൽ (ബി.ജെ.പി)............9,990
ഭൂരിപക്ഷം..............................1356
മനക്കോടം ഡിവിഷൻ
വീണ്ടും വനിതാ സംവരണ ഡിവിഷനായി നറുക്കുവീണിരിക്കുകയാണ് മനക്കോടത്തിന്. കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിച്ചെങ്കിലും തീർത്തും ഒരു യു.ഡി.എഫ് ഡിവിഷനായി മനക്കോടം പരിഗണിക്കാനാവില്ല.പരിധി പുനർനിർണയിച്ച ശേഷം , 2010-ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ എം.സി സിദ്ധാർത്ഥൻ 2000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ ജയിച്ചിട്ടുണ്ട്. ഒത്തുപിടിച്ചാൽ അട്ടിമറി വിജയം നേടാനാവുമെന്ന് ഇടതു കേന്ദ്രങ്ങൾ വിശ്വസിക്കുന്നതും ഇതിനാലാണ്.തീരമേഖലയും ഉൾനാടൻ മേഖലയും ഉൾപ്പെട്ട പ്രദേശമാണ്.
ഡിവിഷൻ ഘടന
തുറവൂർ ഗ്രാമപഞ്ചായത്തിലെ 11 വാർഡുകളും മറ്റു പഞ്ചായത്തുകളായ എഴുപുന്ന -6,കോടംതുരുത്ത്-5,കുത്തിയതോട് -9, പട്ടണക്കാട്-8, ചേർത്തല തെക്ക്-3,കടക്കരപ്പള്ളി-5 ,അരൂർ-3 വാർഡുകൾ വീതവും ഉൾപ്പെടുന്നതാണ് മനക്കോടം ഡിവിഷൻ.
മുന്നണി സ്ഥാനാർത്ഥികൾ
സജിമോൾഫ്രാൻസിസ് (യു.ഡി.എഫ്) കഴിഞ്ഞ തവണ 6,686 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിന് ജയിച്ചു.പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അംഗം, ബ്ളോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി.ആലപ്പുഴ രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം. ഇസബെല്ലാ ഷൈൻ (എൽ.ഡി.എഫ്) പള്ളിത്തോട് സ്വദേശിനി. സി.പി.ഐ അംഗം.മഹിളാ സമാജത്തിന്റെയും അയൽക്കൂട്ടത്തിന്റെയും സജീവ പ്രവർത്തക.കാറ്രിക്കിസം അദ്ധ്യാപിക.
അപർണ സെബാസ്റ്റ്യൻ(എൻ.ഡി.എ) പാണാവള്ളി സ്വദേശിനി. മഹിളാ മോർച്ച അരൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്.ബി.എസ്.ഡബ്ള്യൂ വിദ്യാർത്ഥിനി. സബർമതി മോട്ടിവേഷൻ പരിശീലക
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
സജിമോൾ ഫ്രാൻസിസ് (കോൺ)...............26,022
സുജാമാർട്ടിൻ (സി.പി.ഐ) .......................19,336
കെ.എൻ.ഓമന(ബി.ജെ.പി) .................7,418
ഭൂരിപക്ഷം..................6,686
മാന്നാർ ഡിവിഷൻ
മാന്നാർ ഡിവിഷനിൽ തുടർച്ചയായ നാലാം വിജയത്തിന് കച്ചകെട്ടുകയാണ് യു.ഡി.എഫ്. എന്നാൽ ഒരിക്കൽ ഡിവിഷൻ കൈപ്പിടിയിലൊതുക്കിയ ഓർമ്മകളോടെയാണ് ഇടതു മുന്നണി പൊരുതാനിറങ്ങുന്നത്. കഴിഞ്ഞ തവണ ഏറെക്കുറെ എൽ.ഡി.എഫിന് ഒപ്പമെത്തിയ വീറിന്റെ പിൻബലത്തിൽ എൻ.ഡി.എയും.വനിതകളുടെ ഏറ്രുമുട്ടലാണെങ്കിലും വാശിക്കു തെല്ലുമില്ല കുറവ്. ആദ്യ മത്സരത്തിൽ കോൺഗ്രസിലെ സരോജിനി അമ്മയ്ക്കായിരുന്നു വിജയം.ജേക്കബ് തോമസ് അരികുപുറത്തിലൂടെ അടുത്ത തിരഞ്ഞെടുപ്പിൽ ഡിവിഷൻ എൽ.ഡി.എഫ് തങ്ങളുടേതാക്കി.പക്ഷെ ആ ആധിപത്യം തുടർന്ന് നിലനിർത്തായനായില്ല.
ഡിവിഷൻ ഘടന
മാന്നാർ പഞ്ചായത്തിലെ 16 വാർഡുകൾ, പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലെ 13 വീതം വാർഡുകളും പുലിയൂരിലെ 10 ഉം ബുധനൂരിലെ എട്ടും വാർഡുകൾ ഉൾപ്പെട്ടതാണ് മാന്നാർ ഡിവിഷൻ.
മുന്നണി സ്ഥാനാർത്ഥികൾ
പി.ശ്രീദേവി(യു.ഡി.എഫ്) മാന്നാർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്രി ജനറൽ സെക്രട്ടറി. ബുധനൂർ ഗ്രാമപഞ്ചായത്തിലേക്ക് രണ്ടുതവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.2005 മുതൽ 2020 വരെ തുടർച്ചയായി ബുധനൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
വത്സലാ മോഹൻ(എൽ.ഡി.എഫ്) 2010-ൽ പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ്.പരുമല ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ മുൻ അദ്ധ്യാപിക.എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലേക്ക്.മഹിളാ അസോസിയേഷൻ മാന്നാർ ഏരിയാ കമ്മിറ്രി അംഗം.കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്.
പ്രമീള (എൻ.ഡി.എ) ഭാരതീയ വിചാര കേന്ദ്രം സജീവ പ്രവർത്തക.സ്വകാര്യ ട്യൂഷൻ മേഖല അദ്ധ്യാപിക.കുടുംബശ്രീ യൂണിറ്ര് പ്രസിഡന്റായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
ജോജി ചെറിയാൻ(കോൺ).........18,117
വർഗീസ് കെ.തോമസ് (എൽ.ഡി.എഫ് സ്വത)....15,185
എം.വി.ഗോപകുമാർ (ബി.ജെ.പി)......14,966
ഭൂരിപക്ഷം.................2,932
കൃഷ്ണപുരം ഡിവിഷൻ
ജില്ലാ പഞ്ചായത്ത് നിലവിൽ വന്നശേഷം തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി ജയിച്ച ഡിവിഷനാണ് കൃഷ്ണപുരം. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും സംഭാവന ചെയ്തു.1995-ലും 2000-ലും എസ്.എഫ് ഐയുടെ തീപ്പൊരി നേതാവായിരുന്ന കെ.എച്ച്.ബാബുജാൻ ജയിച്ചു. രണ്ടാമൂഴത്തിൽ സി.എസ്.സുജാത ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബാബുജാൻ പകരം പ്രസിഡന്റായി.അടുത്ത തിരഞ്ഞെടുപ്പിൽ സി.പി.ഐ ക്കാണ് ജയിക്കാൻ അവസരം കിട്ടിയത്.എന്നാൽ 2010-ൽ കഥമാറി.കെ.പി.ശ്രീകുമാർ എന്ന യുവനേതാവിലൂടെ കൃഷ്ണപുരം യു.ഡി.എഫ് പിടിച്ചെടുത്തു.ഇടതിനെ വിടാതിരുന്ന ദേവികുളങ്ങര പഞ്ചായത്തുൾപ്പെടെ അന്ന് വലത്തേക്ക് ചാഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് സീറ്ര് നിലനിർത്തി.
ഡിവിഷൻ ഘടന
കൃഷ്ണപുരം, ദേവികുളങ്ങര ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും വള്ളികുന്നത്തെ എട്ടും കണ്ടല്ലൂരിലെ അഞ്ചും വാർഡുകളും ഉൾപ്പെട്ടതാണ് കൃഷ്ണപുരം ഡിവിഷൻ.
മുന്നണി സ്ഥാനാർത്ഥികൾ
കെ.പി.ശ്രീകുമാർ (യു.ഡി.എഫ്) 2010-ൽ 2000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ ജയിച്ചു.നിലവിൽ കെ.പി.സി.സി സെക്രട്ടറി.കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു.
ബിബിൻ സി.ബാബു(എൽ.ഡി.എഫ്) സി.പി.എം ഏരിയാ കമ്മിറ്രി അംഗം. മുതുകുളം ബ്ളോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റ്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.രണ്ട് തവണ കേരള സർവകലാശാല സെനറ്രംഗം.
എസ്.ഹരിഗോവിന്ദ്(എൻ.ഡി.എ) തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജ് അവസാന വർഷ വിദ്യാർത്ഥി.യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്.ആദ്യ മത്സരം.
കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം
അരിത ബാബു(കോൺ)................19,433
ബീന അശോക്(സി.പി.എം)............18,726
ശോഭന രവീന്ദ്രൻ(ബി.ജെ.പി)........5,658
ഭൂരിപക്ഷം...................................707.