ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ നിറുത്തലാക്കുന്നത് ദുരിതമാവുന്നു
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥഭരണം നിലവിൽ വന്നതിനെത്തുടർന്ന്, പണം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട 'റിസ്ക്' ഏറ്റെടുക്കാൻ ആളില്ലാതെ വന്നതോടെ ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങി. ഇതോടെ വീടുകളിൽ സൗകര്യമില്ലാത്ത കൊവിഡ് ബാധിതരുടെ സ്ഥിതി ദുഷ്കരമാവും.
വീടുകളിൽ സുരക്ഷിതമായി നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവരെ ഉദ്ദേശിച്ച് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണമാണ് ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിൽ സെന്ററുകൾ തുടങ്ങിയത്. ഇവ നിറുത്തലാക്കുന്നതോടെ ദൂരെസ്ഥലങ്ങളിലേക്ക് പോകുകയോ വീടുകളിൽ പരിമിതമായ സ്ഥലങ്ങളിൽ കഴിയുകയോ ചെയ്യേണ്ട ഗതികേടുണ്ടാവും. ചില തദ്ദേശ സ്ഥാപനങ്ങൾ 500 കിടക്കകളുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുക്കിയിരുന്നു.
സർക്കാർ സ്ഥാപനങ്ങളിലോ ഓഡിറ്റോറിയങ്ങളിലോ രോഗികൾക്ക് സുരക്ഷിത വിശ്രമത്തിനുള്ള സൗകര്യത്തോടെയാണ് സെന്ററുകൾ ഒരുക്കിയത്. ഭക്ഷണം ഒരുക്കേണ്ടത് സെന്ററുകൾ സ്ഥിതിചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനമാണ്. ഇവർ കുടുംബശ്രീ പ്രവർത്തകർ വഴിയാണ് ഭക്ഷണം എത്തിക്കുന്നത്. പോഷക സമൃദ്ധമായ ഭക്ഷണം നൽകേണ്ടതിനാൽ 150 മുതൽ 200 രൂപ വരെ ഒരാൾക്ക് ചെലവ് വരും. ഇതിന് ആവശ്യമായ തുക പ്ളാൻഫണ്ടിൽ നിന്ന് വിനിയോഗിക്കാൻ സർക്കാർ അനുമതി നൽകി. ജനകീയ സമിതിയാണ് മേൽനോട്ടം വഹിച്ചിരുന്നത്. തിരഞ്ഞെടുപ്പ് വന്നതോടെ ജനകീയ സമിതി ഇല്ലാതായി. ഉദ്യോഗസ്ഥ ഭരണം വന്നു. പണത്തിന്റെ കാര്യത്തിൽ തടസമുണ്ടായതോടെ പല ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും ഭക്ഷണം മുടങ്ങുന്ന സ്ഥിതിയായി.
കണക്കു പേടിച്ച് സമിതി
സെന്ററുകളുടെ പ്രവർത്തനമേൽനോട്ടം വഹിക്കാൻ സർക്കാർ മൂന്നംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചിരുന്നു. ഇവർ കാര്യമായ ഇടപെടൽ നടത്താത്തതിനാലാണ് പ്രവർത്തനം താളം തെറ്റിയത്. ചെലവഴിക്കുന്ന തുകയുടെ കണക്ക് പിന്നീട് തലവേദനയാവുമോയെന്നു ഭയന്നാണ്
ഉദ്യോഗസ്ഥർ ഇടപെടാൻ മടിക്കുന്നത്.
തുടക്കത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ:27
നിലവിൽ: 10
നേരത്തെ കിടക്കകൾ: 3756
നിലവിൽ: 1457
പ്രതിദിന രോഗികളുടെ എണ്ണത്തിലുള്ള കുറവ് മൂലമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ എണ്ണം കുറച്ചത്. സെന്ററുകൾ ഇല്ലാത്ത സ്ഥലത്തുള്ള പുതിയ രോഗികളെ മറ്റ് സെന്ററുകളിലേക്കു മാറ്റുന്നുണ്ട്
ഡോ. അനിതകുമാരി, ഡി.എം.ഒ