കുടുംബാംഗങ്ങൾ തുടർച്ചയായി സ്ഥാനാർത്ഥികളാവുന്നതിൽ പ്രതിഷേധം വ്യാപകം
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി നിർണ്ണയം കുടുംബകാര്യമായി മാറുന്നതിൽ പ്രാദേശിക പ്രവർത്തകർക്ക് നിരാശ. ഭർത്താവ് ജയിച്ച വാർഡ് വനിതാ സംവരണമായപ്പോൾ പകരം ഭാര്യ, ഇതേ വാർഡ് അടുത്തതവണ ജനറൽ ആവുമ്പോൾ ഒന്നുകിൽ ഈ ഭാര്യതന്നെ സ്ഥാനാർത്ഥി, അല്ലെങ്കിൽ ഭർത്താവ് റിട്ടേൺസ്! വാർഡ് സംവരണമായാൽ മാത്രമേ തങ്ങൾക്ക് തത്കാലശാന്തി ലഭിക്കുകയുള്ളൂവെന്നാണ് സീറ്റ് മോഹിച്ചിരുന്ന പ്രാദേശിക, യുവ നേതാക്കളുടെ പക്ഷം.
ജില്ലയിൽ അങ്ങോളമിങ്ങോളം കുടുംബ സ്ഥാനാർത്ഥികൾ സജീവമാണ്. കഴിഞ്ഞ തവണ അങ്കം വെട്ടിയ വാർഡിൽ ഇത്തവണ ഭാര്യമാരെ ഇറക്കി ഭാഗ്യപരീക്ഷണം നടത്തുന്നവരാണ് ഏറെയും. ചില വാർഡുകളിൽ ജനറൽ, സംവരണ സീറ്റുകൾക്കനുസരിച്ച് വർഷങ്ങളായി ഭാര്യാഭർത്താക്കൻമാർ തന്നെ മാറിമാറി സ്ഥാനാർത്ഥികളാകുന്നു. മെമ്പറായിരുന്ന ഭാര്യയ്ക്കൊപ്പം രാഷ്ട്രീയത്തിലിറങ്ങി കന്നിയങ്കം കുറിക്കുന്ന ഭർത്താക്കൻമാരുമുണ്ട്. അമ്മ പ്രതിനിധീകരിച്ച സീറ്റിലേക്ക് മത്സരത്തിനിറങ്ങിയ മക്കളുമുണ്ട്.
ഒരേ കുടുംബത്തിൽ നിന്നുതന്നെ സ്ഥാനാർത്ഥിത്വം തുടർച്ചയാകുന്നത് പല വാർഡുകളിലെയും പാർട്ടി കമ്മിറ്റികളിൽ നീരസം ഉയർത്തിയിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് വേണ്ടി ആവശ്യപ്പെട്ട സീറ്റ് മുൻ കൗൺസിലറുടെ മകന് നൽകിയതിൽ പ്രതിഷേധിച്ച് ഒരു വാർഡ് കമ്മിറ്റി തന്നെ കഴിഞ്ഞ ദിവസം പൂർണമായി രാജിവെച്ചിരുന്നു. അതേ സമയം വിജയ സാദ്ധ്യത കണക്കിലെടുക്കാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നാണ് നേതൃത്വങ്ങളുടെ നിലപാട്.
പുതുമുഖം കറുക്കുന്നു
ഒരേ കുടുംബത്തിൽ നിന്ന് 'പിന്തുടർച്ചാവകാശി'കളെ രംഗത്തിറക്കുന്നതിൽ ഇടതും വലതും ഒപ്പത്തിനൊപ്പമാണ്. വർഷങ്ങളായി പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയിട്ടും അവസരം ലഭിക്കാത്തതിൽ നിരാശരായ നിരവധിപ്പേർ ഇരു പാളയത്തിലുമുണ്ട്. അവകാശമെന്ന തരത്തിൽ സ്ഥാനാർത്ഥിത്വം ചില കുടുംബങ്ങൾ കൈയടക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. പലരും പാർട്ടിക്കുള്ളിൽ നീരസം വ്യക്തമാക്കിയിട്ടുണ്ട്.
അടുക്കള ശൂന്യമാവും
വാർഡ് മെമ്പറായ ഭർത്താവിന്റെ തിരക്കുകൾ കണ്ടറിഞ്ഞ് വീട്ടിലൊതുങ്ങിയ പല ഭാര്യമാർക്കും അപ്രതീക്ഷിതമായാണ് സ്ഥാനാർത്ഥിത്വം ലഭിച്ചത്. ഭർത്താവ് വാർഡിൽ നടത്തി വന്നിരുന്ന വികസന പ്രവർത്തനങ്ങൾ അതേ ശൈലിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് മത്സരത്തിനിറങ്ങിയതെന്ന് വനിതാ സ്ഥാനാർത്ഥിഥികളിൽ ചിലർ പറയുന്നു. ജയിക്കുന്നത് മെമ്പറുടെ ഭാര്യ ആയാൽ, തങ്ങളുടെ കാര്യങ്ങൾ ഓടി നടന്ന് ചെയ്തു തരാൻ മുൻ മെമ്പർ എത്തുമല്ലോ എന്ന 'വിശ്വാസം' പങ്കു വയ്ക്കുന്ന നാട്ടുകാരുമുണ്ട്.
നിരവധി പുത്തൻ പദ്ധതികൾ വാർഡിൽ തുടങ്ങി വെച്ചിട്ടുണ്ട്. അവ മികച്ച രീതിയിൽ പൂർത്തിയാക്കണം. വനിതാ സംവരണ വാർഡായതിനാൽ മത്സരിക്കാൻ സാധിക്കില്ല. ഭാര്യ തിരഞ്ഞെടുക്കപ്പെടുന്നതോടെ എല്ലാ പദ്ധതികളും പൂർത്തിയാക്കാനും ജനോപകാരപ്രദമായ പുത്തൻ പദ്ധതികൾ ആവിഷ്കരിക്കാനും സാധിക്കും
മുൻ ജനപ്രതിനിധി