കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവും മംമ്ത മന്ത്രിസഭയിലെ ഗതാഗത - ജലവിഭവ വകുപ്പ് മന്ത്രിയുമായ സുവേന്ദു അധികാരി രാജിവച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്ന സുവേന്ദു ബി.ജെ.പിയിലേക്ക് പോകാൻ ഒരുങ്ങുകയാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നേരത്തേ സുവേന്ദു പാർട്ടി കൊടിയോ ബാനറോ ഉപയോഗിക്കാതെ റാലി നടത്തിയത് വിവാദമായിരുന്നു. സുവേന്ദു പാർട്ടി വിട്ടതോടെ അദ്ദേഹത്തിന്റെ പിതാവും എം.പിയുമായ ശിശിർ അധികാരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജവച്ചേക്കും. 2007ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമായിരുന്ന നന്ദിഗ്രാമിനെ തൃണമൂൽ പക്ഷത്തേക്ക് മാറ്റാൻ മുഖ്യപങ്കുവഹിച്ചയാളാണ് സുവേന്ദു. 2011ൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് സുവേന്ദുവിനെ മാറ്റി അഭിഷേക് ബാനർജിയെ നിയമിച്ചതോടെയാണ് അകൽച്ച മറനീക്കി പുറത്തുവന്നത്.