തിരുവനന്തപുരം: വളഞ്ഞ വഴിയിലൂടെ താത്കാലിക തസ്തികകളിൽ കയറിപ്പറ്റിയവരെ പിരിച്ചുവിടാൻ സർക്കാർ ഒരുങ്ങുന്നു. പി.എസ്.സി നിയമനത്തിൻെറ പരിധിയിൽപ്പെടാതെയും, എംപ്ളോയ്മെൻറ് എക്സ് ചേഞ്ച് വഴിയല്ലാതെയും നിയമിക്കപ്പെട്ടവരെയാണ് ഒഴിവാക്കുക.
പി.എസ്.സി നിയമനത്തിൻെറ പരിധിയിൽ വരാത്ത എല്ലാ സ്ഥാപനങ്ങളിലും എംപ്ളോയ്മെൻറ് എക്സ്ചേഞ്ചു വഴി നിയമിക്കണമെന്നാണ് സർക്കാർ തീരുമാനം. ഇക്കാര്യം കാണിച്ച് 2019 ഫെബ്രുവരിൽ 3 ന് തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ഉത്തരവിറക്കിയിരുന്നു. ഇത് നടപ്പിലാക്കാൻ ധനകാര്യം, നിയമം ഉൾപ്പെടെ എല്ലാ വകുപ്പുകൾക്കും നിർദ്ദേശവും നൽകിയിരുന്നു. സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങൾ എംപ്ളോയ്മെൻറ് വഴി നടത്തണമെന്ന് നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതിയും ശുപാർശ ചെയ്തിരുന്നു. എന്നാൽ ഉത്തരവ് നടപ്പായില്ല. ഇത് എംപ്ളോയ്മെൻറിൽ പേര് രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നവരുടെ അവസരമാണ് ഇല്ലാതാക്കുന്നത്.
എംപ്ളോയ്മെൻറ് എക്സ്ചേഞ്ചുകളുടെ പ്രസക്തിയെ വെല്ലുവിളിക്കുന്ന രീതിയിലും സംവരണ ക്രമങ്ങൾ പാലിക്കാതെയും ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന നിയമനങ്ങൾ സജീവമായതോടെയാണ് ഉത്തരവ് കർശനമായി നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇത് സംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണ് അറിയുന്നത്.
എല്ലാ വകുപ്പിലും ഇത്തരക്കാരുടെ വലിയ നിര കയറിപ്പറ്റിയിട്ടുണ്ടെന്നാണ് കണക്ക്. ലാസ്റ്റ് ഗ്രേഡ് സർവൻറ് തസ്തികകളിലാണ് കൂടുതൽ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. ഓരോ വകുപ്പിലും എത്രപേർ ഈ രീതിയിൽ കയറിയിട്ടുണ്ടെന്ന കണക്കെടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാ വകുപ്പിലെയും ഡ്രൈവർ തസ്തികയിൽ ഇത്തരം നിയമനം ധാരാളം നടന്നിട്ടുണ്ട്. അവരെയാണ് ആദ്യം ഒഴിവാക്കുക. കഴിഞ്ഞ സർക്കാരിൻെറ കാലം മുതൽ ജോലി ചെയ്തു വരുന്നവരാണ് ഇവരിലധികവും. ഓരോ സർക്കാരും അധികാരത്തിൽ വരുമ്പോൾ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നത് ഇത്തരം നിയമനങ്ങളിലൂടെയാണ്. രാഷ്ട്രീയ നിയമനങ്ങളായതിനാൽ അത് ചോദ്യം ചെയ്യാതെ തുടർന്ന് വരുകയായിരുന്നു.ഒഴിവാക്കപ്പെടുന്നവർക്ക് പകരം എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടത്തും.