SignIn
Kerala Kaumudi Online
Saturday, 27 February 2021 11.57 PM IST

ആശയം നല്ലത്; നടപ്പാകണം

narendra-modi

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു മുന്നിൽ വയ്ക്കുന്നത് ഇതാദ്യമല്ല. വ്യാഴാഴ്ച നടന്ന സഭാദ്ധ്യക്ഷന്മാരുടെ സമ്മേളനത്തിലും അദ്ദേഹം അത് ആവർത്തിച്ചു. രാജ്യത്ത് ചെറിയ ഇടവേളകളോടെ അരങ്ങേറുന്ന തിരഞ്ഞെടുപ്പുകൾ സർക്കാരുകൾക്കു മാത്രമല്ല ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുള്ളതു ശരിയാണ്. എല്ലാ വർഷവും ഏതെങ്കിലുമൊരു സംസ്ഥാനം തിരഞ്ഞെടുപ്പു ചൂടിലായിരിക്കും. ഓരോ തിരഞ്ഞെടുപ്പിനും വേണ്ടി സർക്കാർ വളരെ വലിയ തുകയാണു ചെലവാക്കേണ്ടിവരുന്നത്. വോട്ടർ പട്ടിക തയ്യാറാക്കുന്നതു മുതൽ വോട്ടെണ്ണൽ ഘട്ടം വരെ തൊട്ടതിനും പിടിച്ചതിനുമായി കോടികളാണു പൊതു ഖജനാവിൽ നിന്ന് ഒഴുകിപ്പോകുന്നത്. ജനാധിപത്യ പ്രക്രിയകളുടെ അനിവാര്യതയാണ് ഇതൊക്കെ എന്നു പറയാമെങ്കിലും വിവേകപൂർവം ചിന്തിച്ചാൽ ഈ സംവിധാനം പരിഷ്കരിക്കാവുന്നതേയുള്ളൂ. മുക്കാൽ നൂറ്റാണ്ടുകാലത്തെ പരിചയവും അനുഭവസമ്പത്തും കൈമുതലായുള്ളപ്പോൾ സധൈര്യം തിരഞ്ഞെടുപ്പു പരിഷ്കരണങ്ങൾ ഏറ്റെടുക്കാവുന്നതാണ്.

വോട്ടർ പട്ടികയുടെ കാര്യം തന്നെ എടുക്കാം. പാർലമെന്റ് മുതൽ പഞ്ചായത്ത് വരെ പ്രത്യേകം പ്രത്യേകം വോട്ടർ പട്ടികയാണ് ഇപ്പോൾ തയ്യാറാക്കുന്നത്. എത്ര ലക്ഷം പേരുടെ അദ്ധ്വാനമാണ് ഇതിനു വേണ്ടിവരുന്നതെന്ന് ആരും ചിന്തിക്കാറില്ല. പതിനെട്ടു വയസു പൂർത്തിയാകുന്നവർക്കെല്ലാം വോട്ടവകാശം എന്നതാണ് രാജ്യത്തെ നിയമം. അങ്ങനെ വരുമ്പോൾ എല്ലാ തിരഞ്ഞെടുപ്പുകൾക്കും ബാധകമാകും വിധം ഒരൊറ്റ വോട്ടർ പട്ടികയുടെ ആവശ്യമേയുള്ളൂ. കാലാകാലങ്ങളിൽ കൂട്ടിച്ചേർക്കലും ഒഴിവാക്കലും വരുത്തിയാൽ മതിയല്ലോ. വോട്ടർ ഐ.ഡിയും ആധാർ കാർഡും സാർവത്രികമായ സ്ഥിതിക്ക് അതിനെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന വോട്ടർ പട്ടികയ്ക്ക് ദേശീയ തലത്തിൽത്തന്നെ സാധുത നൽകാവുന്നതാണ്. വോട്ടർ ഐ.ഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് രംഗം കൂടുതൽ ശുദ്ധീകരിക്കാനും കഴിയും. കള്ളവോട്ട്, ആൾമാറാട്ടം തുടങ്ങിയ പതിവ് കലാപരിപാടികൾക്കു പൂർണമായും തടയിടാനുമാകും. തങ്ങളുടെ ആൾക്കാരെ മാത്രം പുതുതായി ചേർത്ത് സ്വാധീനവലയം വിപുലപ്പെടുത്താനുള്ള രാഷ്ട്രീയ കക്ഷികളുടെ കുതന്ത്രങ്ങൾക്കും അറുതിയുണ്ടാകും. ഓരോ തിരഞ്ഞെടുപ്പു കാലത്തും ഏറ്റവുമധികം പരാതികൾ ഉയരുന്നത് വോട്ടർ പട്ടികയിലെ അപാകതയെച്ചൊല്ലിയാണ്.

ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത് ഒരേ സമയത്തുള്ള തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. വലിയ തോതിൽ തിരഞ്ഞെടുപ്പ് ചെലവുകൾ കുറയ്ക്കാനാകുമെന്നതാണ് പ്രധാന നേട്ടം. ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ആദ്യ പടിയെന്ന നിലയ്ക്ക് പാർലമെന്റ് - നിയമസഭാ തിരഞ്ഞെടുപ്പുകൾ മാത്രം ഒന്നിച്ചു നടത്താൻ നടപടി എടുക്കാവുന്നതാണ്. പല ഘട്ടങ്ങളിലും സംസ്ഥാനങ്ങളിൽ അങ്ങനെ നടന്നിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ സമവായത്തിലെത്തിയാൽ അനായാസം നടപ്പാക്കാനാവുന്ന പരിഷ്കാരമാണിത്. ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തെ രാഷ്ട്രീയ കക്ഷികൾ പ്രധാനമായും എതിർക്കുന്നത് നിയമസഭകളുടെ കാലാവധി ഇടയ്ക്കുവച്ച് അവസാനിപ്പിക്കേണ്ടിവരുന്നതിലാണ്. ന്യായമായ പരാതി തന്നെയാണിതെങ്കിലും ദേശീയ താത്പര്യം മുൻനിറുത്തി വിട്ടുവീഴ്ചകൾ ചെയ്യാൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാകേണ്ടതാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ ആശയത്തെ പിന്തുണയ്ക്കാൻ അധികം കക്ഷികൾ മുന്നോട്ടുവരുമെന്നു തോന്നുന്നില്ല. എങ്കിലും ആ വഴിക്കു കൂടിയാലോചനകൾ തുടങ്ങാവുന്നതേയുള്ളൂ. ഏക കക്ഷി ഭരണം പിൻവാതിലിലൂടെ അടിച്ചേല്പിക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമമായി ഇതിനെ ആക്ഷേപിക്കുന്നവരുണ്ടാകാം. എന്നാൽ നിരന്തരം നടക്കുന്ന തിരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസന പാതയിൽ സൃഷ്ടിക്കുന്ന ഇടങ്കോലുകൾ കാണാതിരുന്നുകൂടാ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ പ്രാബല്യത്തിലുള്ളപ്പോൾ സർക്കാരിന്റെ ദൈനംദിന കാര്യങ്ങളൊഴികെ മറ്റെല്ലാം സ്തംഭിക്കുന്ന അവസ്ഥയാണുള്ളത്. പെരുമാറ്റച്ചട്ടം മറയാക്കി ഉദ്യോഗസ്ഥരും നിഷ്‌ക്രിയരാകും. ഫലത്തിൽ എല്ലാ വികസന മേഖലകളുടെയും മുന്നേറ്റം രണ്ടുമൂന്നു മാസത്തേക്കു നിലയ്ക്കും. ഇടവിട്ടിടവിട്ടുള്ള തിരഞ്ഞെടുപ്പുകൾ ജനങ്ങൾക്കുണ്ടാക്കുന്ന അലോസരങ്ങൾ സാരമില്ലെന്നുവയ്ക്കാം. എന്നാൽ അവ ഭരണകൂടങ്ങൾക്കും രാഷ്ട്രീയ കക്ഷികൾക്കും വലിയ വെല്ലുവിളി തന്നെയാണ്.

രാജ്യത്തെ തിരഞ്ഞെടുപ്പ് രംഗം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്‌ഷൻ കമ്മിഷനും ലാ കമ്മിഷനും ഉൾപ്പെടെയുള്ള അധികാര കേന്ദ്രങ്ങൾ മുന്നോട്ടുവച്ച ഒട്ടേറെ നിർദ്ദേശങ്ങൾ കാലാകാലങ്ങളായി സർക്കാരിനു മുന്നിലുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണ ചെലവുകൾ സർക്കാർ വഹിക്കണമെന്ന നിർദ്ദേശം അക്കൂട്ടത്തിലൊന്നാണ്. അങ്ങനെ ചെയ്യുമ്പോൾ രാഷ്ട്രീയ കക്ഷികൾ ആരിൽ നിന്നും സംഭാവന സ്വീകരിക്കരുതെന്ന ഉപാധി കൂടി ഒപ്പമുണ്ടായിരുന്നു. സ്വാഭാവികമായും രാഷ്ട്രീയ കക്ഷികൾക്കു സ്വീകാര്യമല്ലാത്ത ഉപാധിയാണിത്.

കേരളത്തിൽ ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം നടക്കുകയാണ്. ഡിസംബറിൽ ഈ തിരഞ്ഞെടുപ്പു കഴിയുന്നതോടെ ഏപ്രിൽ ആകുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയമാകും. ആറുമാസത്തിനിടയ്ക്ക് രണ്ടുവട്ടമാണ് സംസ്ഥാനം തിരഞ്ഞെടുപ്പു ബഹളത്തിലമരുന്നത്. ആവശ്യമായ നിയമ ഭേദഗതിയിലൂടെ തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തിയിരുന്നെങ്കിൽ പാഴ്‌ച്ചെലവ് അത്രകണ്ടു കുറയ്ക്കാമായിരുന്നു. ഈ കൊവിഡ് കാലത്ത് രോഗവ്യാപനവും ഒരു പരിധി വരെ കുറയ്ക്കാമായിരുന്നു. കർക്കശമായ കൊവിഡ് പ്രോട്ടോക്കോൾ പ്രാബല്യത്തിലുണ്ടായിട്ടും പ്രചാരണ രംഗത്ത് അതൊന്നും പൊതുവേ കാണുന്നില്ല. കൂട്ടം ചേർന്നുള്ള പ്രവർത്തനങ്ങളും വോട്ടുതേടലുമൊക്കെയാണ് എവിടെയും നടക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.