തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷന്റെ കാര്യത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഇടതു സർക്കാരിനെക്കാൾ ബഹുകാതം മുന്നിലാണെന്നും, ഇക്കാര്യത്തിൽ അവർ അഴിച്ചുവിടുന്നത് നട്ടാൽ കുരുക്കാത്ത കള്ളമാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു.
വർഷം തോറുമുള്ള സ്വഭാവിക വർദ്ധന മാത്രമാണ് പിണറായി സർക്കാർ നടപ്പാക്കിയത്. വൃദ്ധജനങ്ങൾ, വികലാംഗർ എന്നിവർക്ക് കനത്ത നഷ്ടം സംഭവിച്ചു. ലക്ഷക്കണക്കിനാളുകളുടെ പെൻഷനും ഇല്ലാതാക്കി.വി.എസ്. അച്യുതാനന്ദൻ സർക്കാർ 13.8 ലക്ഷം പേർക്ക് പ്രതിമാസം 300 രൂപയാണ് ക്ഷേമപെൻഷൻ നല്കിയത്. 2011ൽ അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാർ അഞ്ചു വർഷം തുടർച്ചയായി പെൻഷൻ തുകയും പെൻഷൻകാരുടെ എണ്ണവും കൂട്ടി. പെൻഷൻകാരുടെ എണ്ണം 34 ലക്ഷമായി. ആദ്യവർഷം 400 രൂപയാക്കി 2012ലും, 13ലും ക്രമാനുഗതമായ വർദ്ധനയുണ്ടായി.2014ലെ വർദ്ധന പ്രകാരം അഗതി (വിധവ) പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ, അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, യാചക മന്ദിരങ്ങൾ, വികലാംഗർക്കായുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കുള്ള പ്രതിമാസ ഗ്രാന്റ് എന്നിവ 800 രൂപയാക്കി. 80 ശതമാനത്തിനു മുകളിൽ വൈകല്യമുള്ളവർക്കു നല്കുന്ന വികലാംഗ പെൻഷൻ 1,100 രൂപയും 80 വയസിനു മുകളിലുള്ളവർക്കുള്ള ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ 1,200 രൂപയുമാക്കി.
2016ൽ 75 വയസ് കഴിഞ്ഞ വൃദ്ധജനങ്ങളുടെ വാർദ്ധക്യകാല പെൻഷൻ 1500 രൂപയാക്കി. . 2015ൽ 12.21 ലക്ഷം പേർ.യു.ഡി.എഫ് സർക്കാർ പെൻഷൻ വാങ്ങാനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാക്കിയതോടൊപ്പം ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ ലഭിക്കുന്നവർക്കും അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങാമെന്നും തീരുമാനിച്ചു.ഇടതുസർക്കാർ എല്ലാ പെൻഷനുകളും ഏകീകരിച്ച് 1000 രൂപയാക്കിയപ്പോൾ, 1100 രൂപ പെൻഷൻ വാങ്ങിയിരുന്ന വികലാംഗർക്കും 1500 രൂപ പെൻഷൻ വാങ്ങിയിരുന്ന വൃദ്ധജനങ്ങൾക്കും കനത്ത നഷ്ടമുണ്ടായി. ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നിറുത്തലാക്കിയതോടെ, ലക്ഷക്കണക്കിനാളുകൾക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നിലച്ചെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.