പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി നിർണായക ശക്തിയാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ലബിന്റെ തദ്ദേശം 2020 മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ബി.ജെ.പി ഭരണത്തിലായിരിക്കും. ലോക്സഭ, കോന്നി ഉപതിരഞ്ഞെടുപ്പ് കാലത്തെ വോട്ടുവർദ്ധന അതേനിലയിൽ തുടരാൻ ബി.ജെ.പിക്കാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയം ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. മതന്യൂനപക്ഷങ്ങളെ തെറ്റി ദ്ധരിപ്പിക്കുന്ന പ്രചരണം നടത്താൻ ഇത്തവണ ഇടത്, വലത് മുന്നണികൾക്ക് കഴിയാത്തത് മോദിയുടെ ജനപ്രിയ പദ്ധതികൾ കാരണമാണ്. യു.ഡി.എഫിൽ മുസ്ലിം ലീഗിന്റെ അപ്രമാദിത്വവും ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടും ലൗജിഹാദും വിദേശ രാജ്യങ്ങളിലെ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളും ക്രൈസ്തവ വിഭാഗത്തിന് കോൺഗ്രസിനോട് അസംതൃപ്തിക്ക് കാരണമാവുന്നുണ്ട്. ഭൂരിഭാഗം ജില്ലകളിലും എൽ.ഡി.എഫുമായും ചുരുക്കം ചില ജില്ലകളിൽ യു.ഡി.എഫുമായാണ് എൻഡിഎയുടെ മത്സരം. ബിജെപി നേട്ടമുണ്ടാക്കുമെന്നുറപ്പുള്ള സ്ഥലങ്ങളിൽ എൽഡിഎഫ്, യുഡിഎഫ് ഐക്യം നിലവിൽ വന്നുകഴിഞ്ഞു. അഴിമതി തന്നെയാവും തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാകുക.