മുക്കം: തിരുവമ്പാടിയിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ പോര് മുറുകി. യു.ഡി.എഫ് സംവിധാനം കാര്യക്ഷമമല്ലെന്നും കോൺഗ്രസിലെ ചില നേതാക്കളുടെ തന്നിഷ്ടമാണ് നടക്കുന്നതെന്നുമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ആരോപണം. ജോസഫ് വിഭാഗം നേതാക്കളും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കാം പൊയിൽ ഡിവിഷൻ സ്ഥാനാർത്ഥിയായ ഷിനോയ് അടയ്ക്കാപാറയും ഈ ആക്ഷേപം വാർത്താസമ്മേളനത്തിൽ തുറന്ന് പറയുകയും ചെയ്തു. കൊടിയത്തൂർ പഞ്ചായത്തിലെ പഴംപറമ്പ് വാർഡിൽ മുസ് ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് വിമത വെല്ലുവിളി ഉയർത്തുമ്പോഴാണ് തിരുവമ്പാടിയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോൺഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. യു.ഡി.എഫ് ധാരണ ലംഘിച്ചാണ് കോൺഗ്രസ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതെന്നും ആനക്കാംപൊയിൽ ഡിവിഷൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണെന്നും ഇവർ പറയുന്നു. നാമനിർദ്ദേശ പത്രിക നൽകിയ അഞ്ചു പേരിൽ നാലുപേർ പിൻവലിച്ചിട്ടും ഒരാൾ മത്സരിക്കുകയാണ്. കേരള കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകളും ബാനറുകളും പോസ്റ്ററുകളും വ്യപകമായി നശിപ്പിക്കുകയും ചെയ്യുന്നു .പുന്നയ്ക്കൽ, പൊന്നാങ്കയം, പുല്ലൂരാംപാറ , മാവാതുക്കൽ, ആനക്കാംപൊയിൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിച്ച അൻപതോളം ബോർഡുകളും നൂറോളം പോസ്റ്ററുകളും നശിപ്പിച്ചു. മുപ്പതിനായിരം രൂപയുടെ നഷ്ടം കാണിച്ച് തിരുവമ്പാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളായ അഡ്വ.എ.ടി. രാജു, എൻ.ജെ. ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.