ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.
നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്വീർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്ടറിലാണ് പാക് പ്രകോപനമുണ്ടായത്. വ്യാഴാഴ്ച എച്ച്.എം.ടി മേഖലയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പാക് വെടിവയ്പും നടന്നിരിക്കുന്നത്. അതിർത്തികളിൽ പാകിസ്ഥാന്റെ വെടിനിറുത്തൽ കരാർ ലംഘനം പതിവായിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയും ശനിയാഴ്ചയുമായി പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
പൂഞ്ചിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം പ്രകോപനമില്ലാതെ വെടിവച്ചു.
ആക്രമണത്തിൽ ഒരു പ്രദേശവാസി മരിക്കുകയും രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
നവംബർ 15ന് ഇന്ത്യ, പാകിസ്ഥാൻ ഹൈകമ്മിഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്ഥാൻ നടത്തുന്ന വെടിനിറുത്തൽ ലംഘനങ്ങളിലുള്ള അതൃപ്തി അറിയിച്ചിരുന്നു.