കാഞ്ഞങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് കുട ചിഹ്നത്തോടാണ് താൽപര്യം. കാഞ്ഞങ്ങാട് പഞ്ചായത്തായിരിക്കെ ഏറ്റവും ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച കെ.വി.എൽ ഷേണായിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം കുടയായിരുന്നു. ആ തിരഞ്ഞെടുപ്പിൽ അതിയാമ്പൂർ വാർഡിൽ മത്സരിച്ച സോഷ്യലിസ്റ്റ് നേതാവ് വി. കർത്തമ്പു മേസ്തിരിയുടെ ചിഹ്നവും പിന്നീട് നഗരസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ പി. അശോകൻ മത്സരിച്ചപ്പോൾ സ്വീകരിച്ച ചിഹ്നവും കുടയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വാർഡ് 14 ൽ സ്വതന്ത്രനായി മത്സരിച്ച് എച്ച് റംഷീദും കുട ചിഹ്നത്തിലാണ് വോട്ടു തേടി. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായ വന്ദന, കെ.പി ബേബി, സവിത, ശാലിനി പ്രഭാകർ, എച്ച് റാഷിദ്, എം.വി മിഷ, ഉഷ മണക്കാട്ട്, ചന്ദ്രൻ ഞാണിക്കടവ് എന്നിവരുടെ ചിഹ്നവും കുടയാണ്. ഇവരിൽ പലരും ഇടതു-വലതു-എൻ.ഡി.എ പിന്തുണയുള്ള സ്ഥാനാർത്ഥികളാണ്. കുട കഴിഞ്ഞാൽ ഏറ്റവും വലിയ ഡിമാന്റ് മൊബൈൽ ഫേൺ, ഓട്ടോറിക്ഷ എന്നിവയ്ക്കാണ്.