മൂന്നിടത്ത് ശക്തമായ ത്രികോണ മത്സരം
രണ്ടുതവണയും ഭരിച്ചത് എൽ.ഡി.എഫ്
യു.ഡി.എഫിന് ഒരിടത്ത് വിമതഭീഷണി
നീലേശ്വരം:യു.ഡി.എഫിന്റെ ശക്തമായ കോട്ടയായിരുന്ന നീലേശ്വരം ഗ്രാമപഞ്ചായത്ത് നഗരസഭയായി ഇത് മൂന്നാമത്തെ തിരഞ്ഞെടുപ്പാണ്. രണ്ടുതവണയും എൽ.ഡി.എഫാണ് ഭരിച്ചത്. കൈവിട്ട മേധാവിത്വം തിരിച്ചുപിടിക്കാൻ യു.ഡി.എഫും മേഖലയിലെ വളർച്ച തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാൻ ബി.ജെ.പിയും ശക്തമായ പ്രചാരണങ്ങളുമായി മുന്നേറുമ്പോൾ മൂന്നാം തവണയും ഭരണം ഉറപ്പാണെന്ന നിലപാടിലാണ് എൽ.ഡി.എഫ്.
വികസനം പറഞ്ഞുതന്നെയാണ് എൽ.ഡി.എഫിന്റെ വോട്ടഭ്യർത്ഥന. സർക്കാരിന്റെ നേട്ടങ്ങൾ, ചിറപ്പുറം മാലിന്യപ്ളാന്റ് തുറന്നുപ്രവർത്തിപ്പാക്കാനായത്, സ്വന്തമായി കെട്ടിടം നിർമ്മിക്കാനായത്, നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം, പാലായി ഷട്ടർ കം ബ്രിഡ്ജ്,രാജാറോഡ് വികസനം, ഇടത്തോട് റോഡ് വികസനം, കച്ചേരിക്കടവ് പാലം , തുടങ്ങിയ പൂർത്തികരിച്ചതും തുടങ്ങാനിരിക്കുന്നതുമായ പദ്ധതികളാണ് അവർ എടുത്തുപറയുന്നത്. എന്നാൽ ബസ് സ്റ്റാൻഡ് നിർമ്മാണം പോലും പൂർത്തിയാക്കാൻ കഴിയാത്ത നഗരസഭ ഭരണം പൂർണപരാജയമാണെന്ന് യു.ഡി.എഫ് പറയുന്നു.എൽ.ഡി.എഫ് ഭരിച്ച കഴിഞ്ഞ ഇരുപതുവർഷം നീലേശ്വരം ഏറെ പിന്നാക്കം പോയെന്നും അവർ കുറ്റപ്പെടുത്തുന്നു. കേന്ദ്രസർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളൊന്നും നടപ്പാക്കിയില്ലെന്നാണ് ബി.ജെ.പിയുടെ കുറ്റപ്പെടുത്തൽ.
ആകെയുള്ള 32 വാർഡുകളിൽ സി.പി.എം.29, സി.പി.ഐ.1,ഐ.എൻ.എൽ.2 എന്നിങ്ങനെയാണ് എൽ.ഡി.എഫ് മത്സരിക്കുന്നത്.കഴിഞ്ഞ നഗരഭരണസമിതിയിൽ സി.പി.എം.18, സി.പി.ഐ.1 എന്നിങ്ങനെയായിരുന്നു മുന്നണിയിലെ കക്ഷിനില. ഇക്കുറി അദ്ധ്യക്ഷസ്ഥാനം വനിതാ സംവംരണമായതിനാൽ മുതിർന്ന വനിതാനേതാവും മുൻ വൈസ് ചെയർപേഴ്സണുമായ ടി.വി.ശാന്തയെ മുൻനിർത്തിയാണ് എൽ.ഡി.എഫിന്റെ മത്സരം.
മൂന്നാം വാർഡിൽ യു.ഡി.എഫ് ന് വിമതശല്യമുണ്ടെങ്കിലും അത് ഭീഷണിയാകില്ലെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്. കോൺഗ്രസ് 19, മുസ്ലിം ലീഗ് 5, സ്വതന്ത്രർ 7, സി.എം.പി, 1 എന്നിങ്ങനെയാണ് ഇക്കുറി മുന്നണിയിലെ സീറ്റുവിഭജനം.കഴിഞ്ഞ ഭരണ സമിതിയിൽ 13 കൗൺസിലർമാരാണ് യു.ഡി.എഫിനുണ്ടായിരുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെറിയ വോട്ടിന് പരാജയപ്പെട്ട ചാത്തമത്ത് വാർഡ് ഇക്കുറി പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി. പൂവാലം കൈ,, പടിഞ്ഞാറ്റംകൊഴുവൽ(രണ്ട്) എന്നിവിടങ്ങളിലും എൻ.ഡി.എ പ്രതീക്ഷ വെക്കുന്നുണ്ട്.